ഗംഭീറിന്റെ ഏകദിന ലോകകപ്പ് പ്ലാനില്‍ റിഷഭ് പന്ത് പുറത്തോ? സഞ്ജുവിന് മുന്നില്‍ പുതിയ വാതില്‍ തുറക്കുമോ?

അഭിറാം മനോഹർ
തിങ്കള്‍, 15 ജൂലൈ 2024 (12:55 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി മുന്‍ ഓപ്പണറായ ഗൗതം ഗംഭീര്‍ നിയമിക്കപ്പെട്ടത് അടുത്തിടെയാണ്. 2027ലെ ഏകദിന ലോകകപ്പ് വരെയാണ് കോച്ചായി ഗംഭീര്‍ ഇന്ത്യന്‍ ടീമിലുണ്ടാവുക. 2023ല്‍ കൈവിട്ട ഏകദിന ലോകകപ്പ് കിരീടം ഇന്ത്യയിലെത്തിക്കുക എന്ന ലക്ഷ്യമായി ഇറങ്ങുന്ന ഗംഭീറിന് മുന്നിലുള്ള ആദ്യത്തെ വെല്ലുവിളി അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയായിരിക്കും. ഒപ്പം ഏകദിന ലോകകപ്പിനായി ഇന്ത്യന്‍ ടീമിനെ ഒരുക്കുക എന്ന ഉത്തരവാദിത്വവും ഗംഭീറിന്റെ ചുമലിലാണ്.
 
 നിലവില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാണെങ്കിലും ലിമിറ്റഡ് ഓവറുകളില്‍ റിഷഭ് പന്ത് ഇതുവരെയും മികവ് തെളിയിച്ചിട്ടില്ലെന്ന് അഭിപ്രായമുള്ള ആളാണ് ഗൗതം ഗംഭീര്‍. പരിശീലകനാകുന്നതിന് മുന്‍പാണ് ഗംഭീര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വൈറ്റ് ബോളില്‍ 3 മുതല്‍ 5 വരെയുള്ള സ്ഥാനങ്ങളിലെല്ലാം ആവശ്യത്തിന് അവസരം പന്തിന് കിട്ടികഴിഞ്ഞെന്നും എന്നാല്‍ ഇനിയും വൈറ്റ് ബോളില്‍ മികവ് പുലര്‍ത്താന്‍ പന്തിനായിട്ടില്ലെന്നുമാണ് മുന്‍പ് ഗംഭീര്‍ വ്യക്തമാക്കിയിട്ടുള്ളത്. അതിനാല്‍ തന്നെ ഇന്ത്യയുടെ ഭാവിപദ്ധതികള്‍ പന്തല്ലാതെ 3 വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരെയാണ് ഗംഭീര്‍ പരിഗണിക്കുന്നതെന്ന് കായികമാധ്യമായ സ്‌പോര്‍ട്‌സ് തക്ക് പറയുന്നു.
 
 പരിചയസമ്പന്നനായ കെ എല്‍ രാഹുല്‍, മലയാളി താരം സഞ്ജു സാംസണ്‍, യുവതാരമായ ധ്രുവ് ജുറല്‍ എന്നിവരെയാണ് ഗംഭീര്‍ നോട്ടമിട്ടിരിക്കുന്നത്. ഇവരില്‍ 2 പേര്‍ക്കായിരിക്കും വിക്കറ്റ് കീപ്പറായി നറുക്ക് വീഴുക. ഗംഭീറിന് പ്രത്യേക താത്പര്യമുള്ള കളിക്കാരില്‍ ഒരാളാണ് സഞ്ജു സാംസണ്‍ എന്നതിനാല്‍ തന്നെ വരും ദിനങ്ങളില്‍ സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഇത് മുതലെടുക്കാനായാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സ്വന്തം സ്ഥാനം ഉറപ്പിക്കാന്‍ സഞ്ജുവിന് സാധിക്കും. അങ്ങനെയെങ്കില്‍ ഏകദിനത്തില്‍ കെ എല്‍ രാഹുലിനും സഞ്ജുവിനുമാകും കൂടുതല്‍ അവസരങ്ങള്‍ ഒരുങ്ങുക. ടെസ്റ്റ് കീപ്പറായി റിഷഭ് പന്തിനും സ്ഥാനം ലഭിക്കും. വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിലാണ് ഗംഭീറിന്റെ കീഴില്‍ ഇന്ത്യന്‍ ടീം ആദ്യമായി കളിക്കാന്‍ ഇറങ്ങുന്നത്. 3 വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് പര്യടനത്തിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article