മലയാളി താരം സഞ്ജു സാംസണ്‍ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ഭാഗമാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. ട്വന്റി 20 ലോകകപ്പില്‍ നിന്ന് സഞ്ജുവിനെ അവഗണിച്ച പോലെ ഇത്തവണ ഏകദിന ലോകകപ്പില്‍ നിന്ന് അവഗണിക്കുകയാണ് ബിസിസിഐയും സെലക്ടര്‍മാരും. ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമില്‍ മാത്രമാണ് സഞ്ജുവിന് സ്ഥാനം ലഭിച്ചിരിക്കുന്നത്. ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജുവില്ല.
ലോകകപ്പ് മുന്നില്‍ കണ്ടാണ് ബിസിസിഐ ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്കുള്ള ഏകദിന സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുന്നത്. സഞ്ജുവിനേക്കാള്‍ മോശം പ്രകടനം നടത്തിയവര്‍ പോലും ശ്രീലങ്കയ്ക്കെതിരായ ഏകദിന ടീമില്‍ ഇടംപിടിച്ചപ്പോള്‍ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജു പുറത്ത്.
സഞ്ജുവിന് ഇതുവരെ അവസരം ലഭിച്ചിരിക്കുന്നത് വെറും 11 ഏകദിനങ്ങളില്‍ മാത്രം. 66 ശരാശരിയില്‍ 330 റണ്‍സ് താരം നേടിയിട്ടുണ്ട്. 104.76 ആണ് സ്ട്രൈക്ക് റേറ്റ്. 43 നോട്ട് ഔട്ട്, 15, 86 നോട്ട് ഔട്ട്, രണ്ട് നോട്ട് ഔട്ട്, 36 എന്നിങ്ങനെയാണ് അവസാന ആറ് ഇന്നിങ്സുകളിലെ സഞ്ജുവിന്റെ വ്യക്തിഗത സ്‌കോര്‍. മറ്റ് പല താരങ്ങളേക്കാളും മികവ് പുലര്‍ത്തിയിട്ടും സഞ്ജുവിന് സെലക്ടര്‍മാര്‍ അവസരങ്ങള്‍ നല്‍കാത്തത് ആരാധകരെ ചൊടിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ട്വന്റി 20 ലോകകപ്പ് ടീമില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ സഞ്ജു ഏകദിന ടീമില്‍ പദ്ധതികളില്‍ തീര്‍ച്ചയായും ഉണ്ട് എന്നായിരുന്നു ബിസിസിഐയുടെ മറുപടി. ഇപ്പോള്‍ ഇതാ ഏകദിന ലോകകപ്പ് അടുത്തപ്പോള്‍ സഞ്ജുവിനെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കി ട്വന്റി 20 ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതുകൊണ്ടെല്ലാം ബിസിസിഐ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ആരാധകര്‍ ചോദിക്കുന്നു.
സഞ്ജു ഇന്ത്യയുടെ ഏകദിന ലോകകപ്പ് പദ്ധതികളുടെ ഭാഗമല്ലെന്നാണ് നിലവിലെ നീക്കങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത് ഏകദിന ലോകകപ്പ് കൂടി മുന്നില്‍കണ്ടാണ്. ഇതില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താത്തതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.