പന്ത് എവിടെ കിടക്കുന്നു, സഞ്ജു എവിടെ കിടക്കുന്നു ! കണക്കുകളില്‍ ബഹുദൂരം മുന്നില്‍ മലയാളി താരം, ഇനിയെങ്കിലും കണ്ണുതുറക്കുമോ ബിസിസിഐ?

Webdunia
തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (09:24 IST)
മലയാളി താരം സഞ്ജു സാംസണെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ സ്ഥിരം കളിക്കാരനാക്കാന്‍ ഇനിയും എന്താണ് യോഗ്യത വേണ്ടതെന്നാണ് ആരാധകരുടെ ചോദ്യം. കളിയിലെ കണക്കുകള്‍ നിരത്തിയാണ് ആരാധകര്‍ ഇത് ചോദിക്കുന്നത്. മറ്റേത് വിക്കറ്റ് കീപ്പര്‍ ബാറ്ററേക്കാളും കണക്കുകളില്‍ ബഹുദൂരം മുന്നിലാണ് സഞ്ജു സാംസണ്‍. എന്നിട്ടും ബിസിസിഐയും സെലക്ടര്‍മാരും മലയാളി താരത്തെ കണ്ടില്ലെന്ന് നടിക്കുന്നു. റിഷഭ് പന്തിന് തുടര്‍ച്ചയായി അവസരങ്ങള്‍ കൊടുക്കുമ്പോള്‍ പന്തിനേക്കാള്‍ മികച്ച സ്റ്റാറ്റിസ്റ്റിക്‌സ് ഉള്ള സഞ്ജു തഴയപ്പെടുന്നു. 
 
ഏകദിനത്തില്‍ സഞ്ജുവിന്റെ ശരാശരി 73 ആണ്. റിഷഭ് പന്തിന് ഏകദിനത്തില്‍ ഇതിന്റെ പകുതിയാണ് ശരാശരി. അതായത് 36.5 ! ട്വന്റി 20 യിലേക്ക് വന്നാല്‍ റിഷഭ് പന്തിന്റെ സ്‌ട്രൈക്ക് റേറ്റ് 127.5 ആണ്. സഞ്ജുവിന്റേതാകട്ടെ 135.16 ! ഈ കണക്കുകള്‍ നോക്കിയാല്‍ മനസ്സിലാകും സഞ്ജുവാണോ റിഷഭ് പന്ത് ആണോ കേമന്‍ എന്ന്. 
 
ഏകദിനത്തില്‍ മികച്ചൊരു ഫിനിഷറുടെ റോളില്‍ തിളങ്ങുകയാണ് സഞ്ജു ഇപ്പോള്‍. ചേസിങ്ങില്‍ ആണ് സഞ്ജു തന്റെ മികവ് കൂടുതല്‍ തെളിയിച്ചിട്ടുള്ളത്. ചേസിങ്ങില്‍ അവസാന നാല് ഇന്നിങ്‌സിനെ സഞ്ജുവിന്റെ സ്‌കോറുകള്‍ യഥാക്രമം 54, 43 (നോട്ട് ഔട്ട്), 86 (നോട്ട് ഔട്ട്), 30 (നോട്ട് ഔട്ട്) എന്നിങ്ങനെയാണ്. ധോണിക്ക് ശേഷം ഇന്ത്യയുടെ മികച്ച ഫിനിഷര്‍ എന്ന റോള്‍ വഹിക്കാനുള്ള കഴിവും സഞ്ജുവിനുണ്ട്. ഇത്രയൊക്കെ ആയിട്ടും വീണ്ടും വീണ്ടും സഞ്ജു തഴയപ്പെടുന്നതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article