ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ടെസ്റ്റ് കരിയറിലെ റണ്‍സ് മറികടക്കാന്‍ ഇംഗ്ലണ്ട് താരം ജോ റൂട്ടിനു സാധിക്കുമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്. സ്ഥിരതയോടു കൂടി അടുത്ത നാല് വര്‍ഷം ടെസ്റ്റില്‍ കളിക്കാന്‍ സാധിച്ചാല്‍ ജോ റൂട്ടിനു ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാമനാകാന്‍ സാധിക്കുമെന്നാണ് പോണ്ടിങ്ങിന്റെ പ്രവചനം. 143 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 50.11 ശരാശരിയില്‍ 12,027 റണ്‍സാണ് റൂട്ട് നേടിയിരിക്കുന്നത്.
200 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 15,921 റണ്‍സുള്ള ഇന്ത്യന്‍ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് റണ്‍സ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. സച്ചിനെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ സാധ്യതയുള്ള താരമാണ് ജോ റൂട്ടെന്ന് പോണ്ടിങ് പറഞ്ഞു. 168 മത്സരങ്ങളില്‍ നിന്ന് 13,378 റണ്‍സ് നേടിയ റിക്കി പോണ്ടിങ് ആണ് ടെസ്റ്റ് റണ്‍വേട്ടയില്‍ സച്ചിനു പിന്നില്‍ രണ്ടാം സ്ഥാനത്ത്.
' നിലവിലെ സാഹചര്യത്തില്‍ റൂട്ടിനു അത് സാധിക്കും. റൂട്ടിനു ഇപ്പോള്‍ 33 വയസാണ്, 3000 റണ്‍സ് മാത്രം അകലെ. എത്ര ടെസ്റ്റ് മത്സരങ്ങള്‍ അവര്‍ കളിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങള്‍. ഒരു വര്‍ഷത്തില്‍ പത്ത് മുതല്‍ 14 ടെസ്റ്റ് മത്സരങ്ങള്‍ വരെ കളിക്കുകയും 800 മുതല്‍ 1000 റണ്‍സ് വരെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നേടുകയും ചെയ്താല്‍ മൂന്നോ നാലോ വര്‍ഷം കൊണ്ട് റൂട്ടിനു സച്ചിനെ മറികടക്കാന്‍ സാധിക്കും. അപ്പോള്‍ അദ്ദേഹത്തിനു 37 വയസ് പ്രായമാകുകയേ ഉള്ളൂ. നിലവില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ അദ്ദേഹം കാണിക്കുന്ന ഉത്സാഹം തുടരുകയാണെങ്കില്‍ ഉറപ്പായും റൂട്ടിനു അതു സാധിക്കും,' പോണ്ടിങ് പറഞ്ഞു.