Rohit Sharma: പ്രശ്‌നം ബാറ്റിങ് ഓര്‍ഡറിന്റേതല്ല, ബാറ്ററുടെ തന്നെ; ഓപ്പണിങ് ഇറങ്ങിയ രോഹിത് മൂന്ന് റണ്‍സിന് പുറത്ത്

രേണുക വേണു
വെള്ളി, 27 ഡിസം‌ബര്‍ 2024 (09:34 IST)
Rohit Sharma

Rohit Sharma: മെല്‍ബണ്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിലും നിരാശപ്പെടുത്തി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഓപ്പണറായി ഇറങ്ങിയ രോഹിത് മൂന്ന് റണ്‍സിനു പുറത്ത്. കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലും ആറാമനായി ഇറങ്ങി നിരാശപ്പെടുത്തിയ രോഹിത്തിനു ഇത്തവണ തന്റെ സ്ഥിരം പൊസിഷനായ ഓപ്പണിങ്ങില്‍ എത്തിയിട്ടും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. 
 
അലസമായി ബാറ്റ് വീശിയാണ് രോഹിത് ഇത്തവണയും പുറത്തായത്. ഓഫ് സൈഡിനു പുറത്ത് പാറ്റ് കമ്മിന്‍സ് എറിഞ്ഞ ഷോര്‍ട്ട് ബോള്‍ കളിക്കാന്‍ ശ്രമിച്ചാണ് രോഹിത്തിന്റെ പുറത്താകല്‍. ലീവ് ചെയ്യേണ്ടിയിരുന്ന പന്ത് പുള്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച രോഹിത്തിനെ അനായാസ ക്യാച്ചിലൂടെ സ്‌കോട്ട് ബോളണ്ട് കൈപ്പിടിയിലാക്കി. 
 
3, 6, 10, 3 എന്നിങ്ങനെയാണ് ഓസ്‌ട്രേലിയന്‍ പരമ്പരയിലെ രോഹിത്തിന്റെ പ്രകടനങ്ങള്‍. അതായത് ബാറ്റിങ് ശരാശരി വെറും 5.5 മാത്രം ! 
 
രോഹിത്തിന്റെ അവസാന 15 ടെസ്റ്റ് ഇന്നിങ്‌സുകള്‍ ഇങ്ങനെയാണ്: 6, 3, 18, 11, 8, 0, 2, 52, 23, 8, 6, 3, 6, 10, 3 
 
അവസാന 15 ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചുറി നേടിയിരിക്കുന്നത് ഒരൊറ്റ തവണ. ഇതില്‍ 10 തവണയാണ് രണ്ടക്കം കാണാതെ പുറത്തായിരിക്കുന്നത്. അവസാന 11 ഇന്നിങ്‌സിലെ ശരാശരി 11.13 ! 
 
രോഹിത്തിനു ഓപ്പണിങ് ഇറങ്ങാന്‍ വേണ്ടിയാണ് മെല്‍ബണ്‍ ടെസ്റ്റില്‍ നിന്ന് ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയത്. ഓപ്പണറായിരുന്ന കെ.എല്‍.രാഹുലിനെ ഗില്ലിനു പകരം വണ്‍ഡൗണ്‍ ഇറക്കി രോഹിത് ഓപ്പണിങ്ങിലേക്ക് തിരിച്ചെത്തുകയായിരുന്നു. എന്നാല്‍ ഓപ്പണിങ്ങില്‍ കൂടി രോഹിത് നിരാശപ്പെടുത്തിയതോടെ ഇന്ത്യന്‍ ആരാധകരും കലിപ്പിലാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ രോഹിത് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കണമെന്ന് പോലും ഇന്ത്യന്‍ ആരാധകര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article