2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

അഭിറാം മനോഹർ

ഞായര്‍, 15 ജൂണ്‍ 2025 (17:36 IST)
കഴിഞ്ഞ ദിവസം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക തങ്ങളുടെ 27 വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക് അവസാനമിട്ടിരുന്നു. ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. ഇതോടെ ഐസിസി ടൂര്‍ണമെന്റ് ഫൈനലുകളില്‍ ഓസ്‌ട്രേലിയയുടെ 15 വര്‍ഷത്തെ അപരാജിതമായ കുതിപ്പിനാണ് വിരാമമായത്.
 
ചരിത്രത്തില്‍ 7 ലോകകപ്പ് സെമിഫൈനലുകളിലും ഒരു ഫൈനലിലും തോറ്റ ദക്ഷിണാഫ്രിക്ക ഒടുവില്‍ കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ എയ്ഡന്‍ മാര്‍ക്രത്തിന്റെ പ്രകടനമായിരുന്നു നിര്‍ണായകമായത്. 383 മിനിറ്റ് നേരം ക്രീസില്‍ ചെലവഴിച്ച മാര്‍ക്രം 207 പന്തുകള്‍ നേരിട്ട് 136 റണ്‍സെടുത്ത് മടങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്ക വിജയം ഉറപ്പിച്ചിരുന്നു. മത്സരത്തിലെ താരമായി തിരെഞ്ഞെടുക്കപ്പെട്ടതും മാര്‍ക്രമായിരുന്നു. തന്റെ മത്സരത്തിലെ പ്രകടനത്തെ പറ്റി മാര്‍ക്രം പറയുന്നത് ഇങ്ങനെ.
 
കഴിഞ്ഞ രാത്രിയില്‍ ടി20 ലോകകപ്പിനെ പറ്റി ഞാന്‍ ചിന്തിച്ചിരുന്നു. അന്ന് പുറത്തായതിന് ശേഷം ഒരു പ്രതീക്ഷയുമില്ലാതെ ഇരുന്നതിനെ പറ്റി ഓര്‍മ വന്നു. അങ്ങനെ ഇരിക്കേണ്ടി വരരുതെന്ന ചിന്ത എനിക്കുണ്ടായിരുന്നു. ക്രീസില്‍ തുടരാന്‍ മോട്ടിവേഷനായത് അതായിരുന്നു. പറ്റാവുന്നിടത്തോളം ക്രീസില്‍ നില്‍ക്കാനും കളി വിജയിക്കാനുമാണ് എപ്പോഴും ചിന്തിക്കാറുള്ളത്. എന്ത് നേട്ടമാണ് ലഭിക്കുന്നതെന്ന് ഒരിക്കല്‍ പോലും ആലോചിക്കാറില്ല. മാര്‍ക്രം പറഞ്ഞു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍