ഒരു ബൗളറെ മാത്രം ആശ്രയിച്ചിട്ടു കാര്യമില്ലല്ലോ, ബാക്കിയുള്ളവരും നന്നായി എറിയണം; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്നിങ്‌സ് തോല്‍വിക്ക് ശേഷം രോഹിത്

Webdunia
വെള്ളി, 29 ഡിസം‌ബര്‍ 2023 (09:14 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിലെ ഇന്നിങ്‌സ് തോല്‍വിക്ക് പിന്നാലെ ബൗളര്‍മാരെ വിമര്‍ശിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഒരു ബൗളറെ മാത്രം ആശ്രയിച്ചു ജയിക്കാന്‍ പറ്റില്ലല്ലോ എന്ന് രോഹിത് ചോദിച്ചു. ജസ്പ്രീത് ബുംറ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ് രണ്ടും ശര്‍ദുല്‍ താക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളുമാണ് സ്വന്തമാക്കിയത്. പ്രതീക്ഷിച്ച രീതിയില്‍ ബൗളര്‍മാര്‍ മികവ് പുലര്‍ത്തിയില്ലെന്നാണ് രോഹിത്തിന്റെ അഭിപ്രായം. 
 
' ഇതൊരു 400 റണ്‍സ് വിക്കറ്റ് അല്ല. വിക്കറ്റ് പെരുമാറുന്ന രീതി വെച്ചു നോക്കുമ്പോള്‍ ഞങ്ങള്‍ ഒരുപാട് റണ്‍സ് വഴങ്ങി. അത് സംഭവിച്ചു പോയി..! ഒരു ബൗളറെ മാത്രം ആശ്രയിച്ചു കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ലല്ലോ. മറ്റു ബൗളര്‍മാരും നന്നായി എറിയേണ്ടത് അത്യാവശ്യമായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ബൗളിങ്ങില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരുപാട് പഠിക്കാനുണ്ട്,' രോഹിത് പറഞ്ഞു. 
 
' ബുംറ നന്നായി എറിഞ്ഞു. മറ്റു ബൗളര്‍മാരില്‍ നിന്ന് മികച്ച പിന്തുണ ലഭിക്കുകയായിരുന്നു ബുംറയ്ക്ക് ആവശ്യം. പക്ഷേ അത് ലഭിച്ചില്ല. മറ്റ് മൂന്ന് പേരും നന്നായി പരിശ്രമിച്ചിരുന്നു, പക്ഷേ വിചാരിച്ച പോലെ കാര്യങ്ങള്‍ നടന്നില്ല. പക്ഷേ ഇത്തരം മത്സരങ്ങള്‍ ഒരു ബൗളിങ് ഗ്രൂപ്പ് എന്ന നിലയില്‍ എന്തൊക്കെ മെച്ചപ്പെടുത്തണമെന്ന് നമ്മെ പഠിപ്പിക്കുന്നു. പോരായ്മകള്‍ മനസിലാക്കി കൂടുതല്‍ ശക്തരായി തിരിച്ചുവരികയാണ് ഞങ്ങളുടെ ലക്ഷ്യം,' രോഹിത് കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article