കോലിയുടെ ഒറ്റയാൾ പോരാട്ടം പാഴായി, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ഇന്നിങ്ങ്സ് തോൽവി

വ്യാഴം, 28 ഡിസം‌ബര്‍ 2023 (21:01 IST)
ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിങ്ങ്‌സ് തോല്‍വി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 163 ലീഡിനെതിരെ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മത്സരത്തിന്റെ മൂന്നാം ദിനം 131 റണ്‍സിന് ഓളൗട്ടാവുകയായിരുന്നു. ഇന്നിങ്ങ്‌സിനും 31 റണ്‍സിനുമാണ് ഇന്ത്യയുടെ തോല്‍വി. ഇന്ത്യന്‍ നിരയില്‍ 76 റണ്‍സ് നേടിയ വിരാട് കോലി മാത്രമാണ് തിളങ്ങിയത്. വിജയത്തോടെ 2 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക10ന് മുന്നിലെത്തി. ജനുവരി മൂന്നിന് കേപ്ടൗണിലാണ് പരമ്പരയിലെ രണ്ടാമത് മത്സരം.
 
ഇന്നിങ്ങ്‌സ് തോല്‍വി ഒഴിവാക്കാന്‍ 164 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയുടെ തുടക്കം തന്നെ പിഴച്ചു. നായകന്‍ രോഹിത് ശര്‍മ റണ്‍സൊന്നുമെടുക്കാതെയും മറ്റൊരു ഓപ്പണിംഗ് താരമായ യശ്വസി ജയ്‌സ്വാള്‍ അഞ്ച് റണ്‍സിനും പുറത്തായി. ശുഭ്മാന്‍ ഗില്‍ പ്രതീക്ഷ നല്‍കിയെങ്കിലും 26 റണ്‍സില്‍ നില്‍ക്കെ ഗില്ലും പുറത്തായി. പിന്നാലെ 6 റണ്‍സെടുത്ത ശ്രേയസ് അയ്യരും മടങ്ങിയതോടെ ഇന്ത്യ പ്രതിസന്ധിയിലായി. ആദ്യ ഇന്നിങ്ങ്‌സിലെ ഹീറോ കെ എല്‍ രാഹുലിനെയും തൊട്ടടുത്ത പന്തില്‍ അശ്വിനെയും വീഴ്ത്തി ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ നിരയെ നിരപ്പാക്കി.
 
ഒരറ്റത്ത് വിക്കറ്റുകള്‍ തുടരെ വീണപ്പോഴും ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ വിരാട് കോലിയാണ് ഇന്ത്യന്‍ ഇന്നിങ്ങ്‌സ് 100 കടത്താന്‍ സഹായിച്ചത്. മത്സരത്തിന്റെ ഒരു ഘട്ടത്തിലും കോലിയ്ക്ക് സഹതാരങ്ങളില്‍ നിന്നും പിന്തുണ ലഭിച്ചില്ല. ഷാര്‍ദൂല്‍ താക്കൂര്‍(2),ജസ്പ്രീത് ബുമ്ര(0), മുഹമ്മദ് സിറാജ് (0) എന്നിവര്‍ കൂടി വീണതോടെ കടന്നക്രമണത്തിന് കോലി ശ്രമിച്ചതോടെയാണ് കോലിയും പുറത്തായത്. ഇന്ത്യന്‍ നിരയില്‍ വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും മാത്രമാണ് രണ്ടക്കം കടന്നത്. ദക്ഷിണാഫ്രിക്കക്കായി നാന്ദ്രേ ബര്‍ഗര്‍ നാലും മാര്‍ക്കോ യാന്‍സന്‍ മൂന്നും കഗിസോ റബാഡ രണ്ടും വിക്കറ്റുകളെടുത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍