പ്രതിഫലമായിരിക്കും പന്ത് ഡല്‍ഹി വിടാന്‍ കാരണമെന്ന് ഗവാസ്‌കര്‍, പണമൊരു വിഷയമല്ലെന്ന് പന്തിന്റെ മറുപടി, പന്തിന്റെ പഴയ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വെറുതെയല്ല

അഭിറാം മനോഹർ
ബുധന്‍, 20 നവം‌ബര്‍ 2024 (12:06 IST)
Pant- gavaskar
അടുത്ത വര്‍ഷത്തെ ഐപിഎല്ലിന് മുന്‍പായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവന്നപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഇന്ത്യന്‍ താരമായ റിഷഭ് പന്തിനെ കൈവിട്ടത് ആരാധകരെ ഞെട്ടിച്ചിരുന്നു. ഡല്‍ഹിയ്‌ക്കൊപ്പം ഏറെക്കാലമായി ഉള്ളതാരം എന്നത് മാത്രമല്ല ഡല്‍ഹിയുടെ ലോക്കല്‍ ബോയ് കൂടിയാണ് പന്ത്. പന്തിന്റെ പുറത്താകലിന് കാരണം പ്രതിഫലത്തെ പറ്റിയുള്ള തര്‍ക്കമായിരിക്കുമെന്നാണ് ഇതിനെ പറ്റി മുന്‍ ഇന്ത്യന്‍ താരമായ സുനില്‍ ഗവാസ്‌കര്‍ പ്രതികരിച്ചത്. എന്നാല്‍ സുനില്‍ ഗവാസ്‌കറുടെ ഈ അഭിപ്രായത്തിനോട് കഴിഞ്ഞ ദിവസം പന്ത് പ്രതികരിച്ചിരുന്നു. പ്രതിഫലം തനിക്ക് ഒരിക്കലും ഒരു വിഷയമായിരുന്നില്ല എന്നാണ് പന്തിന്റെ പ്രതികരണം. ഇതോടെ ടീമിനുള്ളിലെ പ്രശ്‌നങ്ങളാണ് പന്ത് പുറത്ത് പോകാന്‍ കാരണമെന്ന് ഉറപ്പായിരിക്കുകയാണ്.
 
പ്രതിഫലത്തെ പറ്റിയുള്ള പ്രശ്‌നമാകാം പന്തിനെ ഡല്‍ഹി കൈവിടാന്‍ കാരണം. പന്ത് ടീമില്‍ നിന്നും പോയാല്‍ ഡല്‍ഹിക്ക് പുതിയ ക്യാപ്റ്റനെയടക്കം കണ്ടെത്തണം, അതിനാല്‍ പന്തിനെ അവര്‍ കൈവിടുമെന്ന് തോന്നുന്നില്ല. എന്നായിരുന്നു ഗവാസ്‌കര്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. എന്നാല്‍ ഇതിന് മറുപടിയായി പണം കാരണമല്ല താന്‍ പുറത്തുപോയതെന്ന് തനിക്ക് പറയാന്‍ കഴിയുമെന്നാണ് പന്ത് വ്യക്തമാക്കിയത്.
 
നേരത്തെ ഐപിഎല്‍ റിട്ടെന്‍ഷന്‍ പട്ടിക പുറത്തുവരുന്നതിന് മുന്‍പ് തന്നെ തന്നെ ഐപിഎല്‍ താരലേലത്തില്‍ ആരെങ്കിലും വാങ്ങുമോ?, എത്ര വലിയ തുകയ്ക്കായിരിക്കും തന്നെ ഏതെങ്കിലും ടീം സ്വന്തമാക്കുക തുടങ്ങിയ ചോദ്യങ്ങള്‍ പന്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ആരും തന്നെ ഈ പോസ്റ്റുകളെ കാര്യത്തിലെടുത്തിരുന്നില്ല. എന്നാല്‍ ഇതെല്ലാം ടീം മാനേജ്‌മെന്റും റിഷഭ് പന്തും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് കാണിക്കുന്നതെന്ന് പന്തിന്റെ പുതിയ പ്രസ്ഥാവന സൂചിപ്പിക്കുന്നു. താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, പഞ്ചാബ് കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡെഴ്‌സ് അടക്കമുള്ള ടീമുകള്‍ റിഷഭ് പന്തിനെ സ്വന്തമാക്കാന്‍ രംഗത്തെത്തിയേക്കും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article