നരേന്ദ്രമോദി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ പിങ്ക് ബോൾ ടെസ്റ്റ് നീണ്ട് നിന്നത് രണ്ട് ദിവസം മാത്രം. ബാറ്റ്സ്മാന്മാരുടെ ശവപറമ്പായി മാറിയ പിച്ചിൽ ആകെ 842 ഡെലിവറികൾ മാത്രമാണ് പിറന്നത്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നടന്നിട്ടുള്ള ടെസ്റ്റ് മത്സരങ്ങളിൽ നാല് ഇന്നിങ്സുകളിൽ നിന്നായി ഏറ്റവും കുറവ് ഡെലിവറികൾ പിറന്ന ടെസ്റ്റാണ് ഇപ്പോൾ അവസാനിച്ചത്. 2019ൽ നടന്ന ഇന്ത്യ-ബംഗ്ലാദേശ് പിങ്ക്‌ബോൾ ടെസ്റ്റിന്റെ 968 ഡെലിവറികൾ എന്ന റെക്കോർഡാണ് മറികടന്നത്.
ആകെ 842 ഡെലിവറികൾ മാത്രം പിറന്ന മത്സരത്തിൽ രണ്ട് ടീമുകളും ആകെ 387 റൺസ് മാത്രമാണ് സ്വന്തമാക്കിയത്. 2022ൽ ഷാർജയിൽ പാകിസ്ഥാൻ-ഓസ്ട്രേലിയ ടെസ്റ്റിൽ നാല് ഇന്നിങ്സുകളിൽ നിന്നും 422 റൺസ് ആയിരുന്നു ഇതിന് മുൻപ് ഏറ്റവും കുറവ് റൺസ് വന്ന ടെസ്റ്റ് മത്സരം. രണ്ടാം ഇന്നിങ്സിൽ ഒരു പേസർ പോലും ബോൾ ചെയ്‌തില്ല എന്നതും മോട്ടേര ടെസ്റ്റിന്റെ പ്രത്യേകതയാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഇത് രണ്ടാം വട്ടമാണ് ഇങ്ങനെ സംഭവിക്കുന്നത്.
അതേസമയം ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മോസ്റ്റ് എകണോമിക്കൽ 5 വിക്കറ്റ് നേട്ടമെന്ന റെക്കോർഡ് ജോ റൂട്ട് സ്വന്തമാക്കി. അശ്വിന്റെ 400 വിക്കറ്റ് നേട്ടവും ഇഷാന്തിന്റെ നൂറാം ടെസ്റ്റ് മത്സരമെന്ന റെക്കോർഡും ഇന്നലെ അവസാനിച്ച ടെസ്റ്റ് മത്സരത്തിൽ പിറന്നു.