ODI World Cup Final 2023: ലോകകപ്പ് ഫൈനലില്‍ ഇന്ത്യ തോല്‍ക്കാനുള്ള അഞ്ച് പ്രധാന കാരണങ്ങള്‍

Webdunia
തിങ്കള്‍, 20 നവം‌ബര്‍ 2023 (10:21 IST)
ODI World Cup Final 2023: ആതിഥേയരായ ഇന്ത്യയെ ആറ് വിക്കറ്റിനു തകര്‍ത്ത് ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ ഉടനീളം ഇന്ത്യയെ കവച്ചുവയ്ക്കുന്ന ഒരു ടീം പോലും ഉണ്ടായിരുന്നില്ല. ഇന്ത്യയുടെ അപരാജിത കുതിപ്പിനാണ് ഫൈനലില്‍ ഓസ്‌ട്രേലിയ വിലങ്ങുതടിയായത്. ലോകകപ്പ് നേടാന്‍ ഇതിലും മികച്ച അവസരം ഇന്ത്യക്ക് സമീപകാലത്തൊന്നും ലഭിക്കില്ലെന്നാണ് ആരാധകര്‍ ഫൈനലിനു മുന്‍പ് വിധിയെഴുതിയത്. പക്ഷേ എതിരാളികള്‍ ഓസ്‌ട്രേലിയയാണെന്നും ഐസിസി ടൂര്‍ണമെന്റുകളില്‍ നോക്ക്ഔട്ടില്‍ എത്തിയാല്‍ ഏത് വമ്പന്‍ ടീമിനും വെല്ലുവിളി ഉയര്‍ത്താന്‍ കഴിവുള്ളവരാണെന്നും ഉള്ള വസ്തുത പലരും മറന്നു. ഈ തോല്‍വി ഇന്ത്യ ചോദിച്ചുവാങ്ങിയതാണ്. ടൂര്‍ണമെന്റില്‍ സെമി ഫൈനല്‍ വരെ കളിച്ച ഇന്ത്യയെ അല്ല ഫൈനലില്‍ കണ്ടത്. ഇന്ത്യയുടെ തോല്‍വിക്കുള്ള പ്രധാന അഞ്ച് കാരണങ്ങള്‍ ഇതെല്ലാമാണ്. 
 
1. രോഹിത് ശര്‍മയുടെ വിക്കറ്റ് 
 
ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നെടുംതൂണ്‍ വിരാട് കോലി ആണെങ്കില്‍ അടിത്തറ രോഹിത് ശര്‍മയാണ്. രോഹിത് നല്‍കുന്ന മികച്ച തുടക്കമാണ് എപ്പോഴും ഇന്ത്യന്‍ ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോകാന്‍ മധ്യനിരയ്ക്ക് ബലമേകിയിരുന്നത്. ഫൈനലിലും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ രോഹിത് ബാറ്റ് ചെയ്തു. 31 പന്തില്‍ 47 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. എന്നാല്‍ ശുഭ്മാന്‍ ഗില്ലിനെ തുടക്കത്തിലേ നഷ്ടമായ സാഹചര്യത്തില്‍ രോഹിത് കുറച്ചുകൂടി ശ്രദ്ധിച്ചു കളിക്കണമായിരുന്നു. മോശം ഷോട്ട് കളിച്ചാണ് രോഹിത്തിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമാകുന്നത്. ഗ്ലെന്‍ മാക്‌സ്വെല്ലിനെ ഒരു സിക്‌സും ഫോറും പായിച്ചു നില്‍ക്കുന്ന സമയത്ത് വീണ്ടും ആക്രമിക്കാനുള്ള രോഹിത്തിന്റെ തീരുമാനം തിരിച്ചടിയായി. മനോഹരമായ ക്യാച്ചിലൂടെ ട്രാവിസ് ഹെഡ് രോഹിത്തിന്റെ വില്ലനായി അവതരിച്ചു. ഒരു കാരണവശാലും അങ്ങനെയൊരു ഷോട്ടിന് രോഹിത് അപ്പോള്‍ ശ്രമിക്കരുതായിരുന്നു. അഹമ്മദബാദിലെ പിച്ച് ബാറ്റിങ്ങിന് അത്ര അനുകൂലമല്ലെന്ന് മനസിലാക്കിയ രോഹിത് അല്‍പ്പനേരം കൂടി ക്രീസില്‍ ചെലവഴിച്ച് മധ്യനിരയുടെ സമ്മര്‍ദ്ദം കുറച്ചിരുന്നെങ്കില്‍ അത് ഇന്ത്യന്‍ സ്‌കോറില്‍ വലിയ വ്യത്യാസം കാണിച്ചേനെ ! 
 
2. മധ്യനിരയുടെ പതനം 
 
ടൂര്‍ണമെന്റില്‍ സെമി ഫൈനല്‍ വരെ ഇന്ത്യയുടെ ഏറ്റവും വലിയ ട്രംപ് കാര്‍ഡ് മധ്യനിരയിലെ ശ്രേയസ് അയ്യരും കെ.എല്‍.രാഹുലും ആയിരുന്നു. എന്നാല്‍ ഫൈനലില്‍ ശ്രേയസ് അയ്യര്‍ അതിവേഗം പുറത്തായത് ഇന്ത്യയുടെ താളം തെറ്റിച്ചു. മൂന്ന് പന്തില്‍ നാല് റണ്‍സ് മാത്രമാണ് അയ്യര്‍ നേടിയത്. വിരാട് കോലിക്കൊപ്പം 50 റണ്‍സ് പാട്ണര്‍ഷിപ്പ് എങ്കിലും ശ്രേയസ് നേടിയിരുന്നെങ്കില്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് സുരക്ഷിതമാകുമായിരുന്നു. കെ.എല്‍.രാഹുല്‍ അര്‍ധ സെഞ്ചുറി നേടിയെങ്കിലും 66 റണ്‍സ് എടുത്തത് 107 പന്തുകള്‍ നേരിട്ടാണ്. ഒരു ഫോര്‍ മാത്രമാണ് രാഹുല്‍ നേടിയത്. രാഹുലിന്റെ മെല്ലെപ്പോക്ക് ഇന്ത്യയെ ബാക്ക്ഫൂട്ടില്‍ ആക്കി. പിന്നാലെ വന്ന രവീന്ദ്ര ജഡേജയ്ക്കും സൂര്യകുമാര്‍ യാദവിനും കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചില്ല. 
 
3. പ്രതീക്ഷകള്‍ തല്ലികെടുത്തിയ സൂര്യകുമാര്‍ യാദവ് 
 
178/5 എന്ന നിലയില്‍ ഇന്ത്യ തകര്‍ന്നപ്പോള്‍ എല്ലാവരുടെയും പ്രതീക്ഷ സൂര്യയില്‍ ആയിരുന്നു. ആറാമനായി ക്രീസില്‍ എത്തേണ്ടിയിരുന്ന സൂര്യയെ ഏഴാം നമ്പറിലേക്ക് നായകന്‍ രോഹിത് മാറ്റിയത് ഒരുപാട് പ്രതീക്ഷിച്ചു കൊണ്ടാണ്. സൂര്യയുടെ ബാറ്റില്‍ നിന്ന് അതിവേഗം കുറച്ച് റണ്‍സ് പിറന്നാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ അനുകൂലമാകുമെന്ന് ആരാധകരും കരുതി. എന്നാല്‍ ഓസ്ട്രേലിയന്‍ തന്ത്രങ്ങള്‍ക്ക് മുന്‍പില്‍ തല കുനിയ്ക്കുകയാണ് സൂര്യ ചെയ്തത്. 28 പന്തുകള്‍ നേരിട്ട സൂര്യകുമാര്‍ വെറും 18 റണ്‍സാണ് നേടിയത്. പന്ത് ബാറ്റില്‍ മിഡില്‍ ചെയ്യിപ്പിക്കാന്‍ പോലും സൂര്യ നന്നായി പാടുപെട്ടിരുന്നു. ഒടുവില്‍ ഹെയ്സല്‍വുഡിനെ പുള്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ചു പുറത്താകുകയും ചെയ്തു. ഇന്ത്യക്കായി ഫൈനലില്‍ അടക്കം ആറ് ഇന്നിങ്സുകളില്‍ സൂര്യ ബാറ്റ് ചെയ്തു. ആകെ നേടാന്‍ സാധിച്ചത് 17.66 ശരാശരിയില്‍ 106 റണ്‍സ്. ഇംഗ്ലണ്ടിനെതിരെ നേടിയ 47 പന്തില്‍ 49 റണ്‍സാണ് ടൂര്‍ണമെന്റിലെ ഉയര്‍ന്ന സ്‌കോര്‍. 
 
4. മാനസികമായി ബാക്ക്ഫൂട്ടില്‍ ആയത് 
 
രോഹിത് ശര്‍മയും വിരാട് കോലിയും ഒഴികെ എല്ലാവരും ഫൈനലിന്റെ സമ്മര്‍ദ്ദത്തില്‍ ബാക്ക്ഫൂട്ടില്‍ ആയി. ടൂര്‍ണമെന്റില്‍ ഉടനീളം അസാമാന്യ പോരാട്ടവീര്യമാണ് ഇന്ത്യന്‍ താരങ്ങള്‍ കാണിച്ചത്. ഇതുപോലെ മാനസികമായി കരുത്തുള്ള ടീം ഇന്ത്യക്ക് മുന്‍പൊന്നും ഉണ്ടായിട്ടില്ല എന്ന് പോലും ആരാധകര്‍ വിധിയെഴുതി. എന്നാല്‍ ഫൈനലില്‍ ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ ഇന്ത്യ കവാത്ത് മറന്നു ! തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച് രോഹിത്തും നന്നായി പന്തെറിയുകയായിരുന്ന സ്റ്റാര്‍ക്കിനെ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറികള്‍ പായിച്ച് വിരാട് കോലിയും തങ്ങള്‍ മാനസികമായി എത്രത്തോളം സജ്ജരാണെന്ന് കാണിച്ചുതന്നു. എന്നാല്‍ ബാക്കിയുള്ള താരങ്ങള്‍ ഇക്കാര്യത്തില്‍ ബാക്ക്ഫൂട്ടിലായി. സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിയാതെയാണ് ശുഭ്മാന്‍ ഗില്‍ വിക്കറ്റ് വലിച്ചെറിഞ്ഞത്. എക്‌സ്‌പ്ലോസീവ് ബാറ്ററായ ശ്രേയസ് അയ്യരും വന്ന വേഗത്തില്‍ മടങ്ങി. കെ.എല്‍.രാഹുലിന്റെ മെല്ലെപ്പോക്ക് ഇന്നിങ്‌സ് ഇന്ത്യയുടെ സാധ്യതകള്‍ ഇല്ലാതാക്കി. ഓസ്‌ട്രേലിയയുടെ പാര്‍ട് ടൈം ബൗളര്‍മാരായ മിച്ചല്‍ മാര്‍ഷിനും ട്രാവിസ് ഹെഡിനും പോലും അര്‍ഹിക്കാത്ത ബഹുമാനം നല്‍കിയാണ് രാഹുല്‍ കളിച്ചത്. മാര്‍ഷ് രണ്ട് ഓവറില്‍ വഴങ്ങിയത് വെറും അഞ്ച് റണ്‍സ്, ഹെഡ് നാല് റണ്‍സ് മാത്രം വഴങ്ങി രണ്ട് ഓവര്‍ പൂര്‍ത്തിയാക്കി. ലോകകപ്പ് ഫൈനല്‍ പോലൊരു വേദിയില്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയാത്ത കണക്കുകളാണ് ഇത്. പാര്‍ട് ടൈം ബൗളേഴ്‌സിനെ പോലും ആക്രമിച്ചു കളിക്കാന്‍ രാഹുലും ജഡേജയും ശ്രമിച്ചില്ല. ഇത് ഓസ്‌ട്രേലിയയ്ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കി. 
 
5. യാതൊരു ഇംപാക്ടും ഉണ്ടാക്കാതെ സ്പിന്നര്‍മാര്‍ ! 
 
ഈ ലോകകപ്പില്‍ ഇന്ത്യയുടെ ട്രംപ് കാര്‍ഡ് ആയിരുന്നു സ്പിന്നര്‍മാര്‍. ടേണിങ് സ്വഭാവമുള്ള ഇന്ത്യന്‍ പിച്ചുകളില്‍ കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും തങ്ങളുടെ ഉത്തരവാദിത്തം നന്നായി നിറവേറ്റിയിരുന്നു. എന്നാല്‍ ഫൈനലില്‍ ഇരുവരും നിറംമങ്ങി. ജഡേജ പത്ത് ഓവറില്‍ 43 റണ്‍സും കുല്‍ദീപ് 10 ഓവറില്‍ 56 റണ്‍സും വഴങ്ങി. ഇരുവര്‍ക്കും വിക്കറ്റുകളില്ല. മറുവശത്ത് ഓസ്‌ട്രേലിയയുടെ സ്പിന്നര്‍മാരായ മാക്‌സ്വെല്ലും ആദം സാംപയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. പാര്‍ട് ടൈം ബൗളര്‍മാരായ മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും ചേര്‍ന്ന് വെറും ഒന്‍പത് റണ്‍സ് വഴങ്ങി നാല് ഓവര്‍ എറിഞ്ഞു തീര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article