ട്വന്റി 20 അല്ല ഏകദിനമെന്ന് സൂര്യ ഇനിയെങ്കിലും മനസിലാക്കണം; ഫൈനലില്‍ ഒരുപാട് ചെയ്യാനുണ്ടായിരുന്നു !

Webdunia
തിങ്കള്‍, 20 നവം‌ബര്‍ 2023 (09:14 IST)
ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ മാച്ച് വിന്നിങ്‌സ് ഇന്നിങ്‌സ് കളിക്കാനുള്ള അവസരം ഉണ്ടായിട്ടും സൂര്യകുമാര്‍ യാദവ് അമ്പേ പരാജയപ്പെട്ടു. ഏകദിന ഫോര്‍മാറ്റില്‍ സൂര്യയെ കൊള്ളില്ലെന്ന വിമര്‍ശനങ്ങള്‍ക്കെല്ലാം ഒരൊറ്റ ഇന്നിങ്‌സിലൂടെ മറുപടി നല്‍കാനുള്ള അവസരമാണ് താരം നശിപ്പിച്ചത്. ഒപ്പം ഏകദിന ഫോര്‍മാറ്റില്‍ സൂര്യക്ക് അവസരങ്ങള്‍ കുറയാനും ഇത് കാരണമാകും. 
 
178/5 എന്ന നിലയില്‍ ഇന്ത്യ തകര്‍ന്നപ്പോള്‍ എല്ലാവരുടെയും പ്രതീക്ഷ സൂര്യയില്‍ ആയിരുന്നു. ആറാമനായി ക്രീസില്‍ എത്തേണ്ടിയിരുന്ന സൂര്യയെ ഏഴാം നമ്പറിലേക്ക് നായകന്‍ രോഹിത് മാറ്റിയത് ഒരുപാട് പ്രതീക്ഷിച്ചു കൊണ്ടാണ്. സൂര്യയുടെ ബാറ്റില്‍ നിന്ന് അതിവേഗം കുറച്ച് റണ്‍സ് പിറന്നാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ അനുകൂലമാകുമെന്ന് ആരാധകരും കരുതി. എന്നാല്‍ ഓസ്‌ട്രേലിയന്‍ തന്ത്രങ്ങള്‍ക്ക് മുന്‍പില്‍ തല കുനിയ്ക്കുകയാണ് സൂര്യ ചെയ്തത്. 
 
28 പന്തുകള്‍ നേരിട്ട സൂര്യകുമാര്‍ വെറും 18 റണ്‍സാണ് നേടിയത്. പന്ത് ബാറ്റില്‍ മിഡില്‍ ചെയ്യിപ്പിക്കാന്‍ പോലും സൂര്യ നന്നായി പാടുപെട്ടിരുന്നു. ഒടുവില്‍ ഹെയ്‌സല്‍വുഡിനെ പുള്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ചു പുറത്താകുകയും ചെയ്തു. ഇന്ത്യക്കായി ഫൈനലില്‍ അടക്കം ആറ് ഇന്നിങ്‌സുകളില്‍ സൂര്യ ബാറ്റ് ചെയ്തു. ആകെ നേടാന്‍ സാധിച്ചത് 17.66 ശരാശരിയില്‍ 106 റണ്‍സ്. ഇംഗ്ലണ്ടിനെതിരെ നേടിയ 47 പന്തില്‍ 49 റണ്‍സാണ് ടൂര്‍ണമെന്റിലെ ഉയര്‍ന്ന സ്‌കോര്‍. 
 
ലോകകപ്പ് ടീം സെലക്ഷന്‍ മുതല്‍ പ്ലേയിങ് ഇലവനില്‍ സൂര്യ എത്തിയ നിമിഷം വരെ നിരന്തരം വിമര്‍ശനങ്ങള്‍ കേട്ടിരുന്ന താരമാണ്. ട്വന്റി 20 സ്‌പെഷ്യലിസ്റ്റ് ബാറ്ററായ സൂര്യക്ക് ഏകദിനത്തില്‍ ഇനിയും അവസരം നല്‍കണോ എന്നായിരുന്നു ആരാധകര്‍ നിരന്തരം ചോദിച്ചിരുന്നത്. എന്നാല്‍ നായകന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും സൂര്യയെ പിന്തുണയ്ക്കുകയായിരുന്നു. ഒടുവില്‍ എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കാനുള്ള അവസരം ലോകകപ്പ് ഫൈനല്‍ വേദിയില്‍ കിട്ടിയിട്ടും സൂര്യ അത് നശിപ്പിച്ചു. 35 ഏകദിന ഇന്നിങ്‌സുകളില്‍ നിന്നായി 25.77 ശരാശരിയില്‍ വെറും 773 റണ്‍സാണ് സൂര്യ ഇതുവരെ നേടിയിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article