India vs Australia ODI World Cup Final: ഫൈനലില്‍ സൂര്യകുമാറിന് പകരം അശ്വിനോ? സാധ്യത ഇങ്ങനെ

ശനി, 18 നവം‌ബര്‍ 2023 (15:22 IST)
India vs Australia ODI World Cup Final: ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയെ നേരിടാന്‍ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ തന്ത്രങ്ങളില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ? സെമി ഫൈനലിലെ പ്ലേയിങ് ഇലവനെ തന്നെയാണോ ഇന്ത്യ നിലനിര്‍ത്തുക? എതിരാളികള്‍ ഓസ്‌ട്രേലിയ ആയതുകൊണ്ട് സൂര്യകുമാര്‍ യാദവിന് പകരം ഇന്ത്യയുടെ ക്രിക്കറ്റ് ജീനിയസ് രവിചന്ദ്രന്‍ അശ്വിന് അവസരം നല്‍കണമെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ആവശ്യപ്പെടുന്നുണ്ട്. സ്റ്റീവ് സ്മിത്ത് അടക്കമുള്ള ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാരെ വെള്ളം കുടിപ്പിക്കാന്‍ അശ്വിന് സാധിക്കുമെന്നാണ് ഇക്കൂട്ടരുടെ വിലയിരുത്തല്‍. 
 
എന്നാല്‍ സെമി ഫൈനലിലെ പ്ലേയിങ് ഇലവനെ തന്നെ നിലനിര്‍ത്താനാണ് ഇന്ത്യയുടെ തീരുമാനം. ലോകകപ്പില്‍ തുടര്‍ച്ചയായി പത്ത് കളികള്‍ ഇന്ത്യ ജയിച്ചു. ഈ സാഹചര്യത്തില്‍ സെമി ഫൈനലിലെ വിന്നിങ് കോംബിനേഷന്‍ മാറ്റുന്നത് ടീമിന് ഗുണം ചെയ്യില്ലെന്നാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ വിലയിരുത്തല്‍. 
 
ആറ് ബാറ്റര്‍മാരും അഞ്ച് ബൗളര്‍മാരുമായി ഇന്ത്യ ഇറങ്ങും. സൂര്യകുമാര്‍ യാദവ് പ്ലേയിങ് ഇലവനില്‍ ഉണ്ടാകും. അത്യാവശ്യ ഘട്ടങ്ങളില്‍ പാര്‍ട്ട് ടൈം ബൗളര്‍മാരായി വിരാട് കോലിയേയും സൂര്യകുമാര്‍ യാദവിനേയും ഉപയോഗിക്കാമെന്നുമാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍. 
 
സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍