ഇന്ത്യന്‍ ആരാധകരുടെ വായടപ്പിക്കുന്നതിനേക്കാള്‍ വലിയ ആത്മസംതൃപ്തി ഇല്ല; ഫൈനലിനു മണിക്കൂറുകള്‍ക്ക് മുന്‍പ് വെല്ലുവിളിയുമായി ഓസീസ് നായകന്‍

ശനി, 18 നവം‌ബര്‍ 2023 (19:13 IST)
ലോകകപ്പില്‍ ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനലിനു ഇനി മണിക്കൂര്‍ മാത്രമാണ് ശേഷിക്കുന്നത്. അവസാന വട്ട ഒരുക്കങ്ങളിലാണ് ഇരു ടീമുകളും. 2003 ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പകരംവീട്ടാന്‍ ഇന്ത്യയും 2011 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ തോല്‍വിക്ക് പകരംവീട്ടാന്‍ ഓസ്‌ട്രേലിയയും സജ്ജരാണ്. അതിനിടയിലാണ് ഇന്ത്യക്കെതിരെ വെല്ലുവിളിയുമായി ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യക്ക് വേണ്ടി ഗ്യാലറിയില്‍ ഇരുന്ന് ആവേശം കൊള്ളുന്ന ആരാധകരെ നിശബ്ദരാക്കുന്നതിനോളം വലിയ ആത്മസംതൃപ്തി ഇല്ലെന്നാണ് കമ്മിന്‍സ് പറയുന്നത്. 
 
ആദ്യ രണ്ട് തോല്‍വികള്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കാരണമായി. ഞങ്ങള്‍ ഉദ്ദേശിച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. അതുകൊണ്ട് തന്നെ ചില മാറ്റങ്ങള്‍ അത്യാവശ്യമായിരുന്നു, ഞങ്ങള്‍ അത് വിജയകരമായി നടപ്പിലാക്കുകയും ചെയ്തു. ഞങ്ങള്‍ ഇപ്പോഴും പൂര്‍ണമായി നല്ല കളി പുറത്തെടുത്തു എന്ന അഭിപ്രായം ഇപ്പോഴും എനിക്കില്ല. എല്ലാ വിജയങ്ങള്‍ക്കും വേണ്ടി ശക്തമായി പോരാടേണ്ടി വന്നു. ഓരോ ഘട്ടത്തിലും വ്യത്യസ്ത താരങ്ങള്‍ വിജയം ഒരുക്കി,' 
 
' വലിയ ആത്മവിശ്വാസത്തോടെയാണ് ഞങ്ങള്‍ ഫൈനലിലേക്ക് പോകുന്നത്. ഗ്യാലറി നിറയെ കാണികള്‍ ഉണ്ടാകും നാളെ. 1,30,000 ആരാധകര്‍ ഇന്ത്യയെ പിന്തുണയ്ക്കാന്‍ ഗ്യാലറിയില്‍ കാണും. ടൂര്‍ണമെന്റില്‍ ഇന്ത്യ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. പക്ഷേ ഞങ്ങളുടെ ഏറ്റവും മികച്ചത് പുറത്തെടുത്താല്‍ തീര്‍ച്ചയായും അവരെ ഉലയ്ക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യയില്‍ ഞങ്ങള്‍ ഒരുപാട് കളിച്ചിട്ടുണ്ട്. അതുകൊണ്ട് ആരാധകരുടെ ആരവം ഞങ്ങള്‍ക്ക് അപരിചിതമല്ല. കാണികളില്‍ വലിയൊരു ശതമാനം ആളുകളും ഒരു വിഭാഗത്തെ മാത്രമാകും പിന്തുണയ്ക്കുക. പക്ഷേ വലിയൊരു ആള്‍ക്കൂട്ടത്തെ നിശബ്ദമാക്കുന്നതിനോളം സ്‌പോര്‍ട്‌സില്‍ ആത്മസംതൃപ്തി നല്‍കുന്ന ഒന്നുമില്ല. അതാണ് ഞങ്ങളുടെ നാളെത്തേക്കുള്ള ലക്ഷ്യം,' കമ്മിന്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍