ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ നടന്ന മത്സരത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയത് രാജസ്ഥാന്റെ ജഴ്‌സിയായിരുന്നു. പതിവായി ഉപയോഗിച്ചുകൊണ്ടിരുന്ന നീലയ്‌ക്ക് പകരം പിങ്ക് നിറത്തിലുള്ള ജഴ്‌സിയാണ് ക്രിക്കറ്റ് പ്രേമികൾ കൂടുതലായി ശ്രദ്ധിച്ചത്. അർബുദ രോഗികളെ സഹായിക്കുന്നതിനായുള്ള 'കാൻസർ ഔട്ട്' ക്യാമ്പയ്‌നുവേണ്ടിയായിരുന്നു ഇങ്ങനെയൊരു മാറ്റമെന്ന് ടീം നേരത്തെ തന്നെ സോഷ്യൽമീഡിയ വഴി അറിയിച്ചിരുന്നു.
രാജസ്ഥാൻ റോയൽസ് രാജസ്ഥാൻ സർക്കാരുമായി സഹകരിച്ച് സംഘടിപ്പിക്കുന്നതാണ് 'കാൻസർ ഔട്ട്' ക്യാമ്പയ്‌ൻ. മത്സരത്തിന് മുമ്പ് കാമ്പയ്‌ന്റെ ഭാഗമായി രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ പിങ്ക് വസ്‌ത്രം ധരിച്ച് സ്‌റ്റേഡിയത്തിലെത്തിയതും മികച്ച മാധ്യമശ്രദ്ധ നേടിയിരുന്നു.
കാമ്പയ്‌ന്റെ ഭാഗമായി താരങ്ങൾ എസ്എംഎസ് ആശുപത്രിയിലും സന്ദർശനം നടത്തിയിരുന്നു. കാൻസറിനെ എതിർത്ത് തോൽപ്പിക്കാനുള്ള ബോധവത്‌ക്കരണ പ്രവർത്തനങ്ങളും ടീം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി താരങ്ങളുടെ സന്ദേശങ്ങൾ ഉൾപ്പെടുന്ന വീഡിയോകളും ടീം പങ്കുവച്ചിരുന്നു. നേരത്തെ ദക്ഷിണാഫ്രിക്കൻ ടീം പിങ്ക് ഏകദിനത്തിന്റെ ഭാഗമായി പിങ്ക് ജഴ്‌സി ധരിച്ച് കളിച്ചിട്ടുണ്ട്.