ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

അഭിറാം മനോഹർ

ചൊവ്വ, 27 ഫെബ്രുവരി 2024 (19:57 IST)
Gabba Test Ranchi Test
ഇന്ത്യന്‍ ക്രിക്കറ്റിന് ലോകകപ്പോളം പോന്ന വിജയമായിരുന്നു ഓസീസിനെതിരെ ഗാബയില്‍ നേടിയ ടെസ്റ്റ് വിജയം. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നിലനിര്‍ത്തി എന്നത് മാത്രമല്ല ഗാബയിലെ ടെസ്റ്റ് വിജയത്തെ ഐതിഹാസികമാക്കി മാറ്റിയത്. ടീമിലെ മുന്‍നിര താരങ്ങളില്‍ പലര്‍ക്കും പരിക്കേറ്റിട്ടും ആദ്യമത്സരത്തില്‍ നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടും ഓസ്‌ട്രേലിയയുടെ കോട്ടയായ ഗാബയില്‍ വെച്ച് യുവതാരങ്ങളെ വെച്ച് ഇന്ത്യ മത്സരം കൈപ്പിടിയിലാക്കുകയായിരുന്നു.
 
ഇംഗ്ലണ്ടിനെതിരെ റാഞ്ചി ടെസ്റ്റില്‍ നേടിയ വിജയത്തോടെ ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കുമ്പോള്‍ റാഞ്ചിയിലെയും ഗാബയിലെയും വിജയത്തില്‍ ഒട്ടെറെ സമാനതകള്‍ കാണാനാകും. ഇന്ത്യന്‍ സൂപ്പര്‍ താരമായ വിരാട് കോലി 2 പരമ്പരയിലും അച്ഛനാകുന്നത് മൂലം മാറിനില്‍ക്കുകയായിരുന്നു എന്നതാണ് ആദ്യത്തെ സമാനത. കോലിയുടെ അഭാവത്തില്‍ മുംബൈ താരമായ അജിങ്ക്യ രഹാനെയായിരുന്നു ഗാബയില്‍ ഇന്ത്യയെ നയിച്ചതെങ്കില്‍ റാഞ്ചി ടെസ്റ്റിലും ഇന്ത്യയെ നയിച്ചത് ഒരു മുംബൈ താരം തന്നെയായിരുന്നു.
 
രണ്ട് മത്സരങ്ങളിലുമുള്ള മറ്റൊരു സമാനതയാണ് രണ്ടാം ഇന്നിങ്ങ്‌സില്‍ ശുഭ്മാന്‍ ഗില്‍ കാഴ്ചവെച്ച പ്രകടനം. 2 വിജയങ്ങളിലും ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. റാഞ്ചി ടെസ്റ്റില്‍ വിജയറണ്‍ നേടിയത് വിക്കറ്റ് കീപ്പര്‍ താരമായിരുന്നെങ്കില്‍ ഗാബയില്‍ അത് റിഷഭ് പന്തായിരുന്നു. ഗില്ലും ജുറലും 50+ റണ്‍സുകള്‍ ഈ ടെസ്റ്റുകളില്‍ നേടുകയുണ്ടായി. കൂടാതെ ഒരു അരങ്ങേറ്റ ബൗളര്‍ രണ്ട് ടെസ്റ്റുകളിലും 3 വിക്കറ്റ് സ്വന്തമാക്കി. ഗാബയില്‍ ടി നടരാജനും റാഞ്ചിയില്‍ ആകാശ് ദീപ് സിംഗുമാണ് ഈ നേട്ടം സ്വന്തമാക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍