അടിച്ചു പറത്തി പന്ത്; തിരിച്ചടിച്ച ഹൈദരാബാദിന് മുന്നിൽ പതറി ഡൽഹി

വെള്ളി, 11 മെയ് 2018 (08:50 IST)
ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ നടന്ന കളിയിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കൂറ്റന്‍ ജയം‍. ഋഷഭ് പന്തിന്റെ സെഞ്ച്വറി വിഫലമായി. പന്ത് അടിച്ചു പറത്തിയ ഓരോ റൺസും ഡൽഹിക്ക് മുതൽക്കൂട്ടാകുമെന്ന് കരുതിയെങ്കിലും അവസാന നിമിഷത്തിൽ ഡൽഹിയെ ഹൈദരാബാദ് തറപറ്റിച്ചു.  
 
187-5 (20) റണ്‍സാണ് ഡല്‍ഹി നേടിയത്. തന്റെ ആദ്യ ഐ പി എല്ലിലെ ആദ്യ സെഞ്ച്വറി പന്ത് സ്വന്തമാക്കിയത് 56 പന്തുകളില്‍ നിന്നാണ്. 191-1 (18.1) റൺസ് സ്വന്തമാക്കി ഹൈദരാബാദ് കളിയിൽ ജയമുറപ്പിച്ചു. ഡൽഹിക്കായി പന്ത് സെഞ്ചുറി നേടിയെങ്കിലും രണ്ടാം വിക്കറ്റിൽ 176 റൺസിന്റെ വമ്പൻ കൂട്ടുകെട്ടുയർത്തി ശിഖർ ധവാനും (50 പന്തിൽ 92), നായകൻ കെയ്ൻ വില്യംസണും (53 പന്തിൽ 83) മൽസരം ഡൽഹിയിൽനിന്നു തട്ടിയെടുത്തു.
 
24 റണ്‍സെടുത്ത ഹര്‍ഷല്‍ പട്ടേലാണ് ഡല്‍ഹി നിരയില്‍ പന്തിന് ശേഷം 20നു മുകളില്‍ സ്‌കോര്‍ ചെയ്ത ഏക താരം. അവസാന അഞ്ചോവറില്‍ 76 റണ്‍സാണ് ഡല്‍ഹി വാരിക്കൂട്ടിയത്. ഇതില്‍ ഭൂരിഭാഗവും പന്തിന്റെ വകയായിരുന്നു. ടോസ് നേടിയ ഡല്‍ഹി ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.  
 
188 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദിന് മുന്നിൽ പന്ത് അടിച്ച് കയറ്റിയ കൂറ്റൻ റണ്മലയുണ്ടായിരുന്നു. കെയ്ന്‍ വില്ല്യംസണും ശിഖര്‍ ധവാനും പുറത്താകാതെ 176 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. 
 
ധവാന്‍ 50 പന്തില്‍ ഒമ്പത് ഫോറും നാല് സിക്‌സുമടക്കം 92 റണ്‍സെടുത്തപ്പോള്‍ 53 പന്തില്‍ എട്ടു ഫോറിന്റേയും രണ്ട് സിക്‌സിന്റേയും അകമ്പടിയോടെ 83 റണ്‍സായിരുന്നു വില്ല്യംസണിന്റെ സ്മ്പാദ്യം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍