ലോകകപ്പിനിറങ്ങുമ്പോൾ കളിക്കാരുടെ നെഞ്ചിൽ ഭാരതമെന്ന് ഉണ്ടാകണം, ഇന്ത്യയുടെ പേരുമാറ്റത്തെ അനുകൂലിച്ച് സെവാഗ്

Webdunia
ചൊവ്വ, 5 സെപ്‌റ്റംബര്‍ 2023 (17:14 IST)
വരാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പ് 2023ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ജേഴ്‌സിയില്‍ നിന്നും ഇന്ത്യ എന്ന പേര് ഒഴിവാക്കണമെന്ന് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം വിരേന്ദര്‍ സെവാഗ്. ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാര്‍ നമുക്ക് നല്‍കിയതാണെന്നും നമ്മള്‍ അത് പഴയത് പോലെ ഭാരതം എന്നതിലേക്ക് ആക്കേണ്ട സമയമായെന്നും സെവാഗ് പറയുന്നു.
 
ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രഖ്യാപനത്തിന് തൊട്ടുമുന്‍പാണ് സെവാഗിന്റെ ട്വീറ്റ്. ഒരു പേര് നമ്മുടെ അഭിമാനം വളര്‍ത്തുന്ന ഒന്നാകണമെന്ന് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു. നമ്മള്‍ ഭാരതീയരാണ്. ഇന്ത്യ എന്നത് ബ്രിട്ടീഷുകാര്‍ നമുക്ക് നല്‍കിയ പേരാണ്. നാം നമ്മുടെ യഥാര്‍ഥ പേരിലേക്ക് ഔദ്യോഗികമായി മാറുവാന്‍ ഇതിനകം തന്നെ വളരെ വൈകി. ഈ ലോകകപ്പില്‍ നമ്മുടെ കളിക്കാരുടെ നെഞ്ചില്‍ ഭാരതം ഉണ്ടെന്ന് ഉറപ്പാക്കാന്‍ ഞാന്‍ ബിസിസിഐയോടും ജയ് ഷായോടും അഭ്യര്‍ഥിക്കുന്നു. സെവാഗ് കുറിച്ചു.
 
മറ്റൊരു ട്വീറ്റില്‍ 1996 ഏകദിന ലോകകപ്പിന് നെതര്‍ലാന്‍ഡ്‌സ് അവരുടെ ഔദ്യോഗിക നാമമായി ഹോളണ്ട് എന്ന പേരിലാണ് ഇന്ത്യയിലെത്തിയത്. എന്നാല്‍ 2003ല്‍ അവരെ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ ഹോളണ്ട് എന്നത് മാറി നെതര്‍ലന്‍ഡ്‌സ് എന്നതാക്കിയിരുന്നു. ബര്‍മ എന്ന ബ്രിട്ടീഷുകാര്‍ നല്‍കിയ പേര് മ്യാന്‍മര്‍ എന്നായി മാറി. ഇതുപോലെ പല രാജ്യങ്ങളും തങ്ങളുടെ ശരിയായ പേരിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. സെവാഗ് എക്‌സില്‍ കുറിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article