നിലവിലെ ഇന്ത്യയുടെ ലോകകപ്പ് പ്ലാനുകളിലും ദേശീയ ടീമിലും സജീവ സാന്നിധ്യമല്ലെങ്കിലും ഏകദിനത്തില്‍ ഒരുക്കാലത്ത് ഇന്ത്യയുടെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരില്‍ ഒരാളായിരുന്നു ശിഖര്‍ ധവാന്‍. ഒരുക്കാലത്ത് ടീമിലെ നിര്‍ണായക താരമായിരുന്ന ധവാന്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ ഒരു മോണ്‍സ്റ്റര്‍ തന്നെയായിരുന്നു. 2023ലെ ഏകദിന ലോകകപ്പ് ടീമിനെ ഇക്കുറി പ്രഖ്യാപിച്ചപ്പോള്‍ ശിഖര്‍ ധവാന് ഇക്കുറി ടീമില്‍ ഇടം നേടാനായില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഏകദിന ഫോര്‍മാറ്റിലെ ഒരു മേജര്‍ ഐസിസി ടൂര്‍ണമെന്റില്‍ താരം കളിക്കാതെ ഇരിക്കുന്നത്.
2013ല്‍ ഇന്ത്യ അവസാനമായി നേടിയ ഐസിസി മേജര്‍ കിരീടമായ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ടൂര്‍ണമെന്റിലെ താരമായിരുന്നു ശിഖര്‍ ധവാന്‍. ടൂര്‍ണമെന്റില്‍ കളിച്ച 5 മത്സരങ്ങളില്‍ നിന്നും 363 റണ്‍സാണ് താരം അടിച്ചെടുത്തത്. ടൂര്‍ണമെന്റില്‍ ധവാന്‍ തുടര്‍ച്ചയായി നേടിയ അര്‍ധസെഞ്ചുറികളായിരുന്നു ടൂര്‍ണമെന്റില്‍ മുന്നേറാന്‍ ഇന്ത്യയ്ക്ക് സഹായകമായത്. തുടര്‍ന്ന് 2015ല്‍ നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലും ധവാന്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ജേഴ്‌സിയില്‍ നടത്തിയത്.
ടൂര്‍ണമെന്റില്‍ ഓപ്പണറായി ഇറങ്ങിയ താരം 8 മത്സരങ്ങളില്‍ നിന്നും 412 റണ്‍സ് അടിച്ചെടുത്തു. ടൂര്‍ണമെന്റിലെ റണ്‍സ് സ്‌കോറര്‍മാരില്‍ ആറാമനാകാനും ധവാനായി. ഇന്ത്യയെ സെമി ഫൈനല്‍ വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ സെഞ്ചുറി ഇന്നും ഓര്‍ക്കപ്പെടുന്നതാണ്. 2015ലെ ലോകകപ്പിന് ശേഷം 2017ലെ ചാമ്പ്യന്‍സ് ട്രോഫിയിലും ധവാന്‍ തിളങ്ങി. ടൂര്‍ണമെന്റില്‍ കളിച്ച 5 മത്സരങ്ങളില്‍ 338 റണ്‍സാണ് താരം നേടിയത്. 2019 ലോകകപ്പില്‍ 2 മത്സരങ്ങള്‍ മാത്രം കളിച്ച ധവാന്‍ 125 റണ്‍സാണ് ടൂര്‍ണമെന്റില്‍ നേടിയത്. ലോകകപ്പ് സെമിയില്‍ ഇന്ത്യ പുറത്താവുന്നതില്‍ ധവാന്റെ പരിക്കും ഒരു കാരണമായെന്ന് പല ഇന്ത്യന്‍ ആരാധകരും ഇന്നും വിശ്വസിക്കുന്നു.