Sanju Samson: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണെ പുറത്താക്കിയതിനെതിരെ ആരാധകര്‍. സഞ്ജു ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിച്ച് മറ്റേതെങ്കിലും ടീമിനായി കളിക്കുന്നതാണ് നല്ലതെന്ന് ആരാധകര്‍ പറയുന്നു. കണക്കുകള്‍ പരിശോധിച്ചാല്‍ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരേക്കാള്‍ ഏകദിന ലോകകപ്പ് കളിക്കാന്‍ സഞ്ജുവിന് അര്‍ഹതയുണ്ടെന്നാണ് ആരാധകരുടെ വാദം. മലയാളി താരമായതുകൊണ്ട് മാത്രമാണ് സഞ്ജുവിനെ ബിസിസിഐ അകറ്റി നിര്‍ത്തുന്നതെന്നും ആരാധകര്‍ പറയുന്നു.
ഏകദിന ഫോര്‍മാറ്റില്‍ 12 ഇന്നിങ്‌സുകളില്‍ നിന്ന് 55.71 ശരാശരിയില്‍ 390 റണ്‍സ് നേടാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. അഞ്ച് കളികളില്‍ പുറത്താകാതെ നിന്നു. 104 ആണ് സ്‌ട്രൈക്ക് റേറ്റ്. ലോകകപ്പ് സ്‌ക്വാഡില്‍ ഇടംപിടിച്ച മറ്റ് താരങ്ങളുടെ ഏകദിനത്തിലെ പ്രകടനങ്ങള്‍ നോക്കിയാല്‍ പലരും സഞ്ജുവിനേക്കാള്‍ താഴെയാണ്.
24 ഏകദിന ഇന്നിങ്‌സുകളില്‍ നിന്ന് 24.33 ശരാശരിയില്‍ 511 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയിരിക്കുന്നത്. സ്‌ട്രൈക്ക് റേര്‌റ് 101.39 ആണ്. ശരാശരിയിലും സ്‌ട്രൈക്ക് റേറ്റിലും സഞ്ജുവിനേക്കാള്‍ പിന്നിലാണ് സൂര്യകുമാര്‍. ഇഷാന്‍ കിഷന്‍ ആകട്ടെ 17 ഇന്നിങ്‌സുകളില്‍ നിന്ന് 48.5 ശരാശരിയില്‍ 776 റണ്‍സ് നേടിയിട്ടുണ്ട്. സ്‌ട്രൈക്ക് റേറ്റ് 106.74 ആണ്. ഇഷാന്‍ കിഷനേക്കാള്‍ ശരാശരിയുള്ളത് സഞ്ജുവിനാണ്. ഏകദിനത്തില്‍ 52 ഇന്നിങ്‌സുകളില്‍ നിന്ന് 45.14 ശരാശരിയില്‍ 1986 റണ്‍സ് നേടിയ കെ.എല്‍.രാഹുലിന് സ്‌ട്രൈക്ക് റേറ്റ് വെറും 86.57 ആണ്. ഇവരൊക്കെ ലോകകപ്പ് ടീമില്‍ ഇടം പിടിച്ചപ്പോള്‍ ഇവരേക്കാള്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ സഞ്ജു പുറത്ത്. ഇത് അനീതിയാണെന്നാണ് ആരാധകരുടെ വിമര്‍ശനം.