'ഇന്ത്യക്ക് ആകാമെങ്കില്‍ എന്തുകൊണ്ട് ഞങ്ങള്‍ക്കും അങ്ങനെ ആയിക്കൂടാ..' പാക്കിസ്ഥാന്‍ കലിപ്പില്‍, ഏകദിന ലോകകപ്പ് വിവാദം തുടരുന്നു

Webdunia
ചൊവ്വ, 11 ജൂലൈ 2023 (10:27 IST)
ഇന്ത്യയില്‍ ഏകദിന ലോകകപ്പ് കളിക്കാന്‍ താല്‍പര്യമില്ലെന്ന് ആവര്‍ത്തിച്ച് പാക്കിസ്ഥാന്‍. ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ നടത്തണമെന്നാണ് പാക്കിസ്ഥാന്റെ നിലപാട്. ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് നിഷ്പക്ഷ വേദി അനുവദിക്കാമെങ്കില്‍ ലോകകപ്പില്‍ തങ്ങള്‍ക്കും നിഷ്പക്ഷ വേദി വേണമെന്നാണ് പാക്കിസ്ഥാന്റെ ആവശ്യം. വരാനിരിക്കുന്ന ഐസിസി യോഗത്തില്‍ പാക്കിസ്ഥാന്‍ തങ്ങളുടെ നിലപാട് അറിയിക്കും. 
 
പാക്കിസ്ഥാനില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് നിഷ്പക്ഷ വേദി അനുവദിച്ചിട്ടുണ്ട്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തങ്ങള്‍ക്ക് പാക്കിസ്ഥാനില്‍ കളിക്കാന്‍ സാധിക്കില്ലെന്ന് ഇന്ത്യ അറിയിച്ചത്. ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കുമ്പോള്‍ ഇതേ ആനുകൂല്യം തങ്ങള്‍ക്കും വേണമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെടുന്നു. ഏഷ്യാ കപ്പില്‍ നിഷ്പക്ഷ വേദി അനുവദിച്ചതു പോലെ ഏകദിന ലോകകപ്പില്‍ സാധ്യമല്ലെന്നാണ് ഐസിസിയുടെ നിലപാട്. 
 
' ഏഷ്യാ കപ്പിനായി പാക്കിസ്ഥാനിലേക്ക് വരാന്‍ ഇന്ത്യ തയ്യാറല്ലെങ്കില്‍ പിന്നെ എന്തുകൊണ്ട് ലോകകപ്പിലെ പാക്കിസ്ഥാന്റെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ നടത്തിക്കൂടാ,' പാക് ക്രിക്കറ്റ് ബോര്‍ഡ് ചോദിച്ചു. ഇന്ത്യയില്‍ കളിക്കാന്‍ തങ്ങള്‍ക്കും സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് പാക്കിസ്ഥാന്‍ പറയുന്നത്. 
 
ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ കളിക്കാന്‍ അനുവദിച്ചത് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ആണ്. എന്നാല്‍ ലോകകപ്പില്‍ ഇങ്ങനെയൊരു തീരുമാനമെടുക്കാനുള്ള ചുമതല ഐസിസിക്കാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article