ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും നാണം കെട്ട തോല്‍വി വഴങ്ങി പാകിസ്ഥാന്‍. സീരീസിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ പരാജയപ്പെട്ട് കൊണ്ട് ബംഗ്ലാദേശിനെതിരെ ആദ്യമായി ടെസ്റ്റ് മത്സരം പരാജയപ്പെട്ടെന്ന നാണക്കേട് നിലവില്‍ പാക് ടീം സ്വന്തമാക്കിയിരുന്നു. 2 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര കൈവിടാതിരിക്കണമെങ്കില്‍ വിജയം വേണമെന്ന അവസ്ഥയിലാണ് എത്തിയതെങ്കിലും രണ്ടാം ടെസ്റ്റിലും പാക് ബാറ്റിംഗ് നിര ചീട്ട് കൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു.
ആദ്യ ടെസ്റ്റ് മത്സരത്തിലേറ്റ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയാണ് പാകിസ്ഥാന്‍ രണ്ടാം ടെസ്റ്റ് മത്സരത്തിനെത്തിയത്. ആദ്യ ടെസ്റ്റ് മത്സരത്തിലെ ടീമില്‍ കളിച്ച സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീദിയെ പാക് ടീം രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ ഈ നീക്കങ്ങളൊന്നും പാക് ടീമിനെ സഹായിച്ചില്ല. മഴ തുടര്‍ച്ചയായി കളിമുടക്കിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ 274 റണ്‍സാണ് നേടിയത്. 58 റണ്‍സുമായി സൈം അയൂബ്, 57 റണ്‍സുമായി നായകന്‍ ഷാന്‍ മസൂദ്, 54 റണ്‍സുമായി സല്‍മാന്‍ അലി ആഘ എന്നിവര്‍ മാത്രമായിരുന്നു പാക് നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 262 റണ്‍സിന് പുറത്തായിരുന്നു. 138 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ താരം ലിറ്റണ്‍ ദാസ്, 78 റണ്‍സുമായി മെഹ്ദി ഹസന്‍ എന്നിവരായിരുന്നു ബംഗ്ലാദേശിനായി തിളങ്ങിയത്.
തുടര്‍ന്ന് രണ്ടാം ഇന്നിങ്ങ്‌സിനിറങ്ങിയ പാകിസ്ഥാന്‍ ബാറ്റിംഗ് 172 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. യുവപേസര്‍മാരായ ഹസന്‍ മഹ്മൂദ്(5-43), നഹീദ് റാണ(4-44) എന്നിവരാണ് പാക് പടയെ തകര്‍ത്തത്. 47 റണ്‍സുമായി സല്‍മാന്‍ ആഘ, 43 റണ്‍സുമായി മുഹമ്മദ് റിസ്വാന്‍ എന്നിവര്‍ മാത്രമാണ് പാകിസ്ഥാന്‍ ടീമില്‍ തിളങ്ങിയത്. രസംകൊല്ലിയായി മഴ പലപ്പോഴും കളി തടസ്സപ്പെടുത്തിയെങ്കിലും അഞ്ചാം ദിവസം കളിയെത്തിയപ്പോള്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ വിജയിക്കാന്‍ 185 റണ്‍സാണ് ബംഗ്ലാദേശിന് വേണ്ടിവന്നത്. ഓവറുകള്‍ ധാരാളം കിടക്കെ ഒട്ടും ധൃതിവെയ്ക്കാാതെയായിരുന്നു ബംഗ്ലാദേശ് ചെയ്‌സിങ്. കൂടാതെ ബംഗ്ലാദേശ് ബാറ്റര്‍മാര്‍ക്ക് കാര്യമായ വെലുവിളി ഉയര്‍ത്താനും പാക് ബൗളര്‍മാര്‍ക്കായില്ല.
ആദ്യ വിക്കറ്റില്‍ 58 റണ്‍സ് കൂട്ടുക്കെട്ട് നല്‍കിയ ഓപ്പണര്‍മാരായ സാക്കിര്‍ ഹസന്‍, ഷദ്മാന്‍ ഇസ്ലാം എന്നിവര്‍ മികച്ച തുടക്കമാണ് ബംഗ്ലാദേശിന് സമ്മാനിച്ചത്. തുടര്‍ന്ന് ബാറ്റിംഗിനെത്തിയ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ 38 റണ്‍സുമായും മൊമിനുള്‍ ഹഖ് 34 റണ്‍സുമായും തിളങ്ങി. മുഷ്ഫിഖുര്‍ റഹീം 22 റണ്‍സുമായും ഷാക്കിബ് അല്‍ ഹസന്‍ 21 റണ്‍സുമായും പുറത്താകാതെ നിന്നു. ഇതോടെ 2 മത്സരങ്ങടങ്ങിയ പരമ്പര 2-0ന് ബംഗ്ലാദേശ് സ്വന്തമാക്കി. ചരിത്രത്തിലാദ്യമായാണ് പാകിസ്ഥാനെതിരെ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്.