ബംഗ്ലാദേശിനെതിരെ ചരിത്രത്തില്‍ ആദ്യമായി ഒരു ടെസ്റ്റ് മത്സരം പരാജയപ്പെട്ട് നാണം കെട്ട് നില്‍ക്കുകയാണ് പാകിസ്ഥാന്‍. ഒരു കാലത്ത് മികച്ച ബൗളര്‍മാരുടെയും ബാറ്റര്‍മാരുടെയും സാന്നിധ്യം കൊണ്ട് ക്രിക്കറ്റില്‍ ഏത് കൊമ്പനെയും തോല്‍പ്പിച്ചിരുന്ന പാകിസ്ഥാന്‍ ഇന്ന് അവരുടെ ചരിത്രത്തിലെ ഏറ്റവും മോശം നിലയിലാണ്. അവസാനം നടന്ന ടെസ്റ്റ് മത്സരത്തില്‍ ആദ്യ ഇന്നിങ്ങ്‌സ് ഡിക്ലയര്‍ ചെയ്തുകൊണ്ട് പരാജയം ചോദിച്ചുവാങ്ങുകയായിരുന്നു.
ഇപ്പോഴിതാ നിലവിലെ സാഹചര്യത്തില്‍ 2026ലെ ടി20 ലോകകപ്പിലും അമേരിക്കയോട് പാകിസ്ഥാന്‍ പരാജയപ്പെടുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളറായിരുന മുഹമ്മദ് ആസിഫ്. പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ ദയനീയാവസ്ഥയെ പരിഹസിച്ചാണ് ആസിഫിന്റെ പ്രതികരണം. ആദ്യ ടി20 ലോകകപ്പ് കളിക്കുന്ന യുഎസ്എ ഞങ്ങളെ തോല്‍പ്പിച്ചു. ആതിഥേയത്വം വഹിച്ചതുകൊണ്ടാണ് അവര്‍ അന്ന് ലോകകപ്പ് കളിച്ചത്.
എന്നാല്‍ ഇപ്പോള്‍ പാകിസ്ഥാന്‍ തോല്‍ക്കുന്ന രീതി കണക്കിലെടുക്കുമ്പോള്‍ അടുത്ത ലോകകപ്പില്‍ രണ്ടാം വട്ടവും യുഎസ്എ പാകിസ്ഥാനെതിരെ വിജയിക്കുമെന്ന് ഉറപ്പാണ്. മുഹമ്മദ് ആസിഫ് ദി നകാഷ് ഖാന്‍ ഷോയില്‍ പറഞ്ഞു. അടുത്ത ടി20 ലോകകപ്പില്‍ ഇറങ്ങുമ്പോള്‍ പാക് ടീമില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുഹമ്മദ് ആസിഫ് പറഞ്ഞു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറെ മാറിയെന്നും എന്നാല്‍ പാകിസ്ഥാന്‍ പഴയതുപോലെയാണെന്നും ആസിഫ് പറഞ്ഞു.