മാനം തെളിഞ്ഞു, മാനക്കേട് ഭയന്ന് പാകിസ്ഥാൻ, രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിന് വിജയലക്ഷ്യം 185 റൺസ് മാത്രം!

അഭിറാം മനോഹർ

ചൊവ്വ, 3 സെപ്‌റ്റംബര്‍ 2024 (11:44 IST)
Bangladesh
പാകിസ്ഥാനെതിരെ രണ്ടാം ടെസ്റ്റിലും വിജയത്തിനരികെ ബംഗ്ലാദേശ്. ആദ്യ ടെസ്റ്റില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയ ബംഗ്ലാദേശ് തങ്ങളുടെ ടെസ്റ്റ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ തങ്ങളുടെ ആദ്യ വിജയമായിരുന്നു കുറിച്ചത്. ഇപ്പോഴിതാ രണ്ടാം ടെസ്റ്റിലും വിജയത്തിന് തൊട്ടരികിലാണ് ബംഗ്ലാ കടുവകള്‍.
 
 മഴ തുടര്‍ച്ചയായി കളിമുടക്കിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ 274 റണ്‍സാണ് നേടിയത്. 58 റണ്‍സുമായി സൈം അയൂബ്, 57 റണ്‍സുമായി നായകന്‍ ഷാന്‍ മസൂദ്, 54 റണ്‍സുമായി സല്‍മാന്‍ അലി ആഘ എന്നിവര്‍ മാത്രമായിരുന്നു പാക് നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 262 റണ്‍സിന് പുറത്തായിരുന്നു. 138 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ താരം ലിറ്റണ്‍ ദാസ്, 78 റണ്‍സുമായി മെഹ്ദി ഹസന്‍ എന്നിവരായിരുന്നു ബംഗ്ലാദേശിനായി തിളങ്ങിയത്.
 
 തുടര്‍ന്ന് രണ്ടാം ഇന്നിങ്ങ്‌സിനിറങ്ങിയ പാകിസ്ഥാന്‍ ബാറ്റിംഗ് 172 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. യുവപേസര്‍മാരായ ഹസന്‍ മഹ്മൂദ്(5-43), നഹീദ് റാണ(4-44) എന്നിവരാണ് പാക് പടയെ തകര്‍ത്തത്. 47 റണ്‍സുമായി സല്‍മാന്‍ ആഘ, 43 റണ്‍സുമായി മുഹമ്മദ് റിസ്വാന്‍ എന്നിവര്‍ മാത്രമാണ് പാകിസ്ഥാന്‍ ടീമില്‍ തിളങ്ങിയത്. രസംകൊല്ലിയായി മഴ പലപ്പോഴും കളി തടസ്സപ്പെടുത്തിയെങ്കിലും അഞ്ചാം ദിവസം കളി നടക്കുമ്പോള്‍ 185 റണ്‍സ് വിജയലക്ഷ്യമാണ് ബംഗ്ലാദേശിന് മുന്നിലുള്ളത്. നിലവില്‍ 22 ഓവറില്‍ 90 റണ്‍സിന് 2 വിക്കറ്റ് എന്ന നിലയിലാണ് ബംഗ്ലാദേശ്. 8 വിക്കറ്റുകള്‍ ശേഷിക്കെ 95 റണ്‍സ് മാത്രമാണ് ബംഗ്ലാദേശിന് വിജയത്തിനായി വേണ്ടത്.
 
 നേരത്തെ ആദ്യ ടെസ്റ്റ് തോറ്റതിന് പിന്നാലെ രൂക്ഷവിമര്‍ശനമാണ് ആരാധകര്‍ പാക് ടീമിനെതിരെ ഉയര്‍ത്തുന്നത്. ക്രിക്കറ്റിലെ പരമ്പരാഗത ശക്തിയായിരുന്നിട്ടും കുഞ്ഞന്‍ ടീമുകള്‍ക്കെതിരെ പോലും നാണം കെട്ട രീതിയിലാണ് പാകിസ്ഥാന്‍ സമീപകാലത്ത് പരാജയപ്പെടുന്നത്. ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീദിയെ ടീമില്‍ നിന്നും മാറ്റിനിര്‍ത്തിയാണ് പാകിസ്ഥാന്‍ രണ്ടാം ടെസ്റ്റിന് ഇറങ്ങിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍