റിസ്‌വാന് ഇരട്ടസെഞ്ചുറി പോലും നിഷേധിച്ച് ഡിക്ലറേഷൻ, തോറ്റത് 10 വിക്കറ്റിനും, ക്രിക്കറ്റിൽ പാകിസ്ഥാനെ പോലെ മണ്ടന്മാർ വേറെയില്ല!

അഭിറാം മനോഹർ

തിങ്കള്‍, 26 ഓഗസ്റ്റ് 2024 (11:32 IST)
Pakistan Cricket
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ബംഗ്ലാദേശിനോട് തോറ്റതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പരിഹാസം ഏറ്റുവാങ്ങി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം. റാവല്‍പിണ്ടി ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്‌സില്‍ തിരക്കിട്ട് ഇന്നിങ്ങ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിച്ച തീരുമാനത്തെ കളിയാക്കിയാണ് ട്രോളുകളില്‍ അധികവും. പാകിസ്ഥാനിലെ ബൗളര്‍മാരെ പിന്തുണയ്ക്കാത്ത പിച്ചില്‍ റണ്‍മല തന്നെ സൃഷ്ടിക്കാമായിരുന്നിട്ടും ഇന്നിങ്ങ്‌സ് ഡിക്ലയര്‍ ചെയ്ത തീരുമാനമാണ് ഇപ്പോള്‍ പരിഹസിക്കപ്പെടുന്നത്.
 
അദ്യ ഇന്നിങ്ങ്‌സില്‍ 16 റണ്‍സിന് 3 എന്ന നിലയില്‍ നിന്നും തകര്‍ന്നതിന് ശേഷവും പാകിസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത് മുഹമ്മദ് റിസ്വാന്റെയും ഷാന്‍ മസൂദിന്റെയും സെഞ്ചുറി പ്രകടനങ്ങളായിരുന്നു. എന്നാല്‍ നാല് വിക്കറ്റും മൂന്നര ദിവസവും ബാക്കിനില്‍ക്കെ തിരക്കിട്ട് ടീം സ്‌കോര്‍ 448ല്‍ നില്‍ക്കെയാണ് പാക് ഇന്നിങ്ങ്‌സ് ഡിക്ലയര്‍ ചെയ്തത്. 171 റണ്‍സില്‍ ബാറ്റ് ചെയ്തിരുന്ന റിസ്വാന്റെ ഇരട്ടസെഞ്ചുറി നേടാനുള്ള അവസരവും കുളമാക്കിയുള്ള തിരക്കിട്ട ഡിക്ലറേഷന്‍ തീരുമാനത്തെ ആരാധകരും വിമര്‍ശിച്ചിരുന്നു.
 
 ആദ്യ ഇന്നിങ്ങ്‌സ് നേരത്തെ ഡിക്ലയര്‍ ചെയ്ത് മത്സരം എളുപ്പത്തില്‍ വിജയിക്കാമെന്നാണ് പാകിസ്ഥാന്‍ പ്രതീക്ഷിച്ചതെങ്കിലും ആദ്യ ഇന്നിങ്ങ്‌സില്‍ 565 റണ്‍സാണ് ബംഗ്ലാദേശ് അടിച്ചുകൂട്ടിയത്. തുടര്‍ന്ന് രണ്ടാം ഇന്നിങ്ങ്‌സില്‍ ബാറ്റിംഗിനിറങ്ങിയപ്പോള്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ക്ക് മുന്നില്‍ പാകിസ്ഥാന് അടിപതറി. ഹീറോയിസം കാണിക്കാനായി മണ്ടത്തരവും കാണിച്ച് അവസാനം 10 വിക്കറ്റിന് തോല്‍വിയും വാങ്ങി നാണംകെട്ടിരിക്കുകയാണ് പാക് പട. ഇതോടെയാണ് മുന്‍ ഇന്ത്യന്‍ താരങ്ങളും മറ്റ് ആരാധകരുമെല്ലാം പാകിസ്ഥാന്‍ ടീമിനെ ട്രോള്‍ മഴയില്‍ പൊതിഞ്ഞിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍