ശ്രീലങ്കൻ പര്യടനത്തിൽ കോലിയും രോഹിത്തുമില്ല, ഏകദിനത്തിൽ സ്ഥിരസാന്നിധ്യമാകാൻ സഞ്ജുവിന് സുവർണ്ണാവസരം

അഭിറാം മനോഹർ
ചൊവ്വ, 9 ജൂലൈ 2024 (17:31 IST)
ശ്രീലങ്കയ്‌ക്കെതിരെ ഈ മാസാവസാനം നടക്കുന്ന നിശ്ചിത ഓവര്‍ പരമ്പരയില്‍ നിന്ന് സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചേക്കും. ജൂലൈ 27 മുതല്‍ നടക്കുന്ന പരമ്പരയില്‍ മൂന്ന് വീതം ടി20 മത്സരങ്ങളും ഏകദിനങ്ങളുമാകും ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. പരമ്പരയില്‍ രോഹിത് ശര്‍മ,വിരാട് കോലി,ജസ്പ്രീത് ബുമ്ര എന്നിവര്‍ കളിച്ചേക്കില്ലെന്നാന് റിപ്പോര്‍ട്ടുകള്‍. ഏകദിനത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ശ്രീലങ്കന്‍ പര്യടനത്തില്‍ സീനിയര്‍ താരങ്ങളായ കോലി-രോഹിത് എന്നിവര്‍ക്ക് വിശ്രമം നല്‍കാനാണ് ബിസിസിഐ തീരുമാനം. ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് വിശ്രമം ഉറപ്പാക്കാനാണ് ഈ തീരുമാനം.
 
സെപ്റ്റംബറില്‍ ബംഗ്ലാദേശിനെതിരെ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയോടെയാകും സീനിയര്‍ താരങ്ങള്‍ ടീമില്‍ തിരിച്ചെത്തുക. 2 ടെസ്റ്റുകളും 3 ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. പിന്നാലെ ഒക്ടോബറില്‍ ന്യൂസിലന്‍ഡ് ഇന്ത്യയിലെത്തും. 3 ടെസ്റ്റുകളാണ് ഈ പരമ്പരയിലുള്ളത്. നവംബര്‍ 22ന് ഓസീസിനെതിരെ അഞ്ച് മത്സരങ്ങളുടെ പരമ്പരയും ഇന്ത്യ കളിക്കും. അതിന് മുന്‍പ് നവംബര്‍ 8നും 15നും ഇടയില്‍ നാല് ടി20 കളിക്കാന്‍ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പറക്കും.
 
സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്നത് മലയാളി താരമായ സഞ്ജു സാംസണിന് ഏകദിനത്തില്‍ തന്റെ സ്ഥാനം സ്ഥിരമാക്കാനുള്ള അവസരം ഒരുക്കും.ടി20യില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ തിളങ്ങാനായിട്ടില്ലെങ്കിലും ഏകദിനത്തില്‍ ഇന്ത്യയ്ക്കായി മികച്ച റെക്കോര്‍ഡാണ് സഞ്ജുവിനുള്ളത്. സൂര്യകുമാര്‍ യാദവ് ഏകദിനത്തില്‍ വീണ്ടും പരജായമാവുകയാണെങ്കില്‍ സഞ്ജുവിന് അത് കൂടുതല്‍ സാധ്യതകള്‍ തുറക്കും. ഇന്ത്യയ്ക്കായി 16 ഏകദിനങ്ങള്‍ കളിച്ച സഞ്ജു സാംസണ്‍ 56.66 ശരാശരിയില്‍ 510 റണ്‍സാണ് നേടിയിട്ടുള്ളത്. 3 അര്‍ധസെഞ്ചുറികളും ഒരു സെഞ്ചുറിയും ഉള്‍പ്പടെയാണിത്. ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 108 റണ്‍സാണ് ഏകദിനത്തില്‍ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article