Mohammed Siraj vs Marnus Labuschagne: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിനിടെ നാടകീയ രംഗങ്ങള്‍. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് സ്റ്റംപ്‌സിലെ ബെയ്ല്‍സ് എടുത്തുമാറ്റിവച്ചത് ഓസീസ് ബാറ്റര്‍ മാര്‍നസ് ലബുഷെയ്‌നു ഇഷ്ടപ്പെട്ടില്ല. 33-ാം ഓവറിലെ രണ്ടാം പന്തിനു ശേഷമാണ് സംഭവം.
ഓഫ് സ്റ്റംപിനു പുറത്ത് സിറാജ് എറിഞ്ഞ പന്തില്‍ റണ്‍സൊന്നും എടുക്കാന്‍ ലബുഷെയ്‌നു സാധിച്ചില്ല. തൊട്ടു പിന്നാലെ സിറാജ് ബാറ്ററുടെ ക്രീസിലേക്ക് ഓടിയെത്തി. ലബുഷെയ്ന്‍ നോക്കിനില്‍ക്കെ സിറാജ് സ്റ്റംപ്‌സിലെ ബെയ്ല്‍സ് എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും മാറ്റിവെച്ചു. അതിനു ശേഷം സിറാജ് അടുത്ത പന്തെറിയാന്‍ മടങ്ങി.
സിറാജ് മടങ്ങിയതിനു പിന്നാലെ ലബുഷെയ്ന്‍ ബെയ്ല്‍സ് എടുത്ത് ആദ്യത്തെ പോലെ മാറ്റിവെച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 'സിറാജ് വല്ല കൂടോത്രവും ചെയ്തു കാണുമെന്ന് ലബുഷെയ്ന്‍ പേടിച്ചുകാണും' എന്നാണ് ആരാധകര്‍ ഈ വീഡിയോ കണ്ടശേഷം പ്രതികരിച്ചത്. അതേസമയം തൊട്ടടുത്ത ഓവറില്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കി ലബുഷെന്‍ മടങ്ങി. സിറാജിനു ശേഷം പന്തെറിയാനെത്തിയ നിതീഷ് കുമാര്‍ റെഡ്ഡിക്കാണ് വിക്കറ്റ്. 55 പന്തുകള്‍ നേരിട്ട് 12 റണ്‍സെടുത്താണ് ലബുഷെയ്ന്‍ മടങ്ങിയത്.