'ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റിന്റെ നില പരിതാപകരം'; രഹാനെയുടെ 98 റണ്‍സ് ഇന്നിങ്‌സിനെ ട്രോളി പാക് ഇന്‍ഫ്‌ളുവന്‍സര്‍

രേണുക വേണു

ശനി, 14 ഡിസം‌ബര്‍ 2024 (15:41 IST)
Ajinkya Rahane

സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ മുംബൈയ്ക്കായി 56 പന്തില്‍ 98 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയെ ട്രോളി പാക്കിസ്ഥാന്‍ ഇന്‍ഫ്‌ളുവന്‍സര്‍. 36 വയസുള്ള, ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്ററായ രഹാനെ 56 പന്തില്‍ നിന്ന് 98 റണ്‍സ് നേടിയത് ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റിന്റെ പരിതാപകരമായ അവസ്ഥയാണ് കാണിക്കുന്നതെന്ന് പാക് ഇന്‍ഫ്‌ളുവന്‍സര്‍ ഫരീദ് ഖാന്‍ പറഞ്ഞു. 
 
എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പാക് ഇന്‍ഫ്‌ളുവന്‍സറുടെ അഭിപ്രായ പ്രകടനം. ' 36 വയസുള്ള ടെസ്റ്റ് ബാറ്റര്‍ അജിങ്ക്യ രഹാനെ 175 സ്‌ട്രൈക് റേറ്റില്‍ 56 പന്തില്‍ നിന്ന് 98 റണ്‍സ് നേടിയിരിക്കുന്നു. ഏഷ്യന്‍ രാജ്യങ്ങളെ എടുത്തുനോക്കുമ്പോള്‍ ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റിന്റെ നിലവാരം ഏറ്റവും മോശമാണ്' ഫരീദ് ഖാന്‍ എക്‌സില്‍ കുറിച്ചു. 
 
172 സ്‌ട്രൈക് റേറ്റില്‍ ബാറ്റ് ചെയ്ത രഹാനെ ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ ആകുമ്പോള്‍ ആ ടൂര്‍ണമെന്റിന്റെ ബൗളിങ് നിലവാരവും ഫ്‌ളാറ്റ് പിച്ചുകളുടെ നിലവാരവും നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ - ഇയാള്‍ വീണ്ടും പരിഹസിച്ചു. 

98 runs off 56 balls at 175 strike-rate for 36 years old Test batter Ajinkya Rahane. The standard of domestic cricket in India is probably the worst among Asian countries #SMAT2025 pic.twitter.com/2zJGWSA8tv

— Farid Khan (@_FaridKhan) December 13, 2024
പാക് ഇന്‍ഫ്‌ളുവന്‍സര്‍ക്കെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ രൂക്ഷമായി പ്രതികരിക്കുന്നുണ്ട്. പാക്കിസ്ഥാന്റെ കിങ് ആണെന്നു ആരാധകര്‍ അവകാശപ്പെടുന്ന ബാബര്‍ അസമിനു പോലും 36 വയസ്സുള്ള രഹാനെ കളിക്കുന്ന ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ സംശയമാണെന്ന് ഇന്ത്യന്‍ ആരാധകര്‍ തിരിച്ചടിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍