ഈ മാസം ആറിനാണ് ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം ഓസ്ട്രേലിയയിലേക്ക് വിമാനം കയറുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അവശേഷിക്കുന്നമത്സരശേഷമാകും ഇന്ത്യ ഓസീസിലേക്ക് തിരിക്കുക. തുടർന്ന് സന്നാഹമത്സരങ്ങൾ പൂർത്തിയാക്കിയാകും ഇന്ത്യ ലോകകപ്പിനിറങ്ങുക.
ലോകകപ്പ് സാധ്യതകൾക്ക് തന്നെ തിരിച്ചടിയായി സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയുടെ പരിക്ക് ഇന്ത്യയെ വലയ്ക്കുമ്പോൾ ഓസീസ് സാഹചര്യത്തിൽ പരിശീലിക്കാൻ നെറ്റ്സിൽ പന്തെറിയാൻ കൂടുതൽ താരങ്ങൾ കൊണ്ടുപോകാനൊരുങ്ങുകയാണ് ഇന്ത്യ. പ്രധാന ടൂർണമെൻ്റിൽ ഇടം കയ്യൻ പേസർമാർക്ക് മുന്നിൽ മുൻനിര തകരുന്ന ചരിത്രമുള്ളതിനാൽ ഇടം കയ്യൻ പേസർമാരായ മുകേഷ് ചൗധരിയും ചേതൻ സക്കറിയയും ഓസീസിൽ ഇന്ത്യൻ നിരയ്ക്കൊപ്പം ചേരുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
ഓസീസിലെ വേഗതയേറിയ പിച്ചിൽ ഇടം കയ്യന്മാർ ഇന്ത്യയ്ക്ക് ഭീഷണിയാകും എന്നതിനാലാണ് ഇടം കയ്യൻ ബൗളർമാരെ വെച്ച് പരിശീലനം നടത്താൻ ടീം ലക്ഷ്യമിടുന്നത്. ഇന്ത്യയ്ക്ക് ടൂർണമെൻ്റിൽ ഭീഷണിയാകുമെന്ന് കരുതുന്ന മിച്ചൽ സ്റ്റാർക്ക്,ട്രൻ്റ് ബോൾട്ട്, ഷഹീൻ ഷാ അഫ്രീദി എന്നിവരെല്ലാം തന്നെ ഇടം കയ്യന്മാരാണ്.