വാംഖഡെയിൽ ഇന്ന് മുംബൈ- ആർസിബി പോരാട്ടം, കഴിഞ്ഞതെല്ലാം മറന്നേക്കു, സിംഹക്കുട്ടി തിരിച്ചെത്തിയെന്ന് മുംബൈ, ലക്ഷ്യം വിജയം മാത്രം

അഭിറാം മനോഹർ

തിങ്കള്‍, 7 ഏപ്രില്‍ 2025 (11:42 IST)
ഐപിഎല്ലില്‍ കരുത്തന്മാരുടെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവും ഇന്ന് നേര്‍ക്കുനേര്‍. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴരയ്ക്കാണ് മത്സരം. നാല് കളികളില്‍ മൂന്നിലും തോറ്റ മുംബൈ ഇന്ത്യന്‍സിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ആദ്യ 2 മത്സരങ്ങളിലും വിജയിച്ചെങ്കിലും കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്തിനെതിരെ ആര്‍സിബി പരാജയപ്പെട്ടിരുന്നു. പ്രതീക്ഷ നല്‍കി അവസാനം കലം ഉടയ്ക്കുന്നത് ആര്‍സിബി തുടരുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.
 
ടോപ് ഓര്‍ഡറില്‍ രോഹിത് ശര്‍മ, തിലക് വര്‍മ എന്നിവരുടെ മോശം പ്രകടനങ്ങളാണ് പ്രധാനമായും മുംബൈയെ അലട്ടുന്നത്. ലഖ്‌നൗവിനെതിരായ മത്സരത്തില്‍ തിലക് വര്‍മയെ പിന്‍വലിച്ച തീരുമാനത്തില്‍ സൂര്യകുമാര്‍ അടക്കമുള്ള മുംബൈ താരങ്ങള്‍ക്ക് അതൃപ്തിയുണ്ട്.അതേസമയം പ്രശ്‌നങ്ങള്‍ക്കിടയിലും ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവ് മുംബൈയെ രണ്ടിരട്ടി അപകടകാരികളാക്കും. ബുമ്രയ്‌ക്കൊപ്പം ദീപക് ചഹാറും ട്രെന്‍ഡ് ബോള്‍ട്ടും ചേരുമ്പോള്‍ മുംബൈയുടെ പേസ് യൂണിറ്റ് ശക്തമാണ്.
 
 അതേസമയം ആര്‍സിബി ബാറ്റിംഗ് യൂണിറ്റും ബൗളിംഗ് യൂണിറ്റും കഴിഞ്ഞ സീസണുകളേക്കാള്‍ സന്തുലിതമാണ്. ബാറ്റിംഗില്‍ രജത് പാട്ടീധാര്‍, ഫില്‍ സാള്‍ട്ട് എന്നിവര്‍ ടീമിന് കരുത്താണ്. തങ്ങളുടേതായ സംഭാവനകള്‍ നല്‍കാന്‍ ക്രുണാല്‍ പാണ്ഡ്യ, ടിം ഡേവിഡ് എന്നിവര്‍ക്ക് സാധിക്കുന്നുണ്ട്. ജോഷ് ഹേസല്‍വുഡ്, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍ എന്നിവരടങ്ങിയ ബൗളിംഗ് യൂണിറ്റും ശക്തമാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍