ഇപ്പോഴും 24 ബോളുകൾ എറിയാൻ എനിക്ക് സാധിക്കും, മടങ്ങിവരവ് സൂചന നൽകി ലസിത് മലിംഗ

Webdunia
ബുധന്‍, 30 ജൂണ്‍ 2021 (17:21 IST)
ഇക്കൊല്ലത്തെ ടി20 ലോകകപ്പിൽ കളിച്ചേക്കുമെന്ന് സൂചന നൽകി ശ്രീലങ്കയുടെ വെറ്ററൻ ബൗളിങ് താരം ലസിത് മലിംഗ. ക്രിക്കറ്റ് ബോർഡിൻ്റെ പുതിയ ഫിറ്റ്നസ് ടെസ്റ്റ് ആയ 2 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കാൻ കഴിയില്ലെങ്കിലും ഇപ്പോഴും 24 ബോളുകൾ എറിയാൻ തനിക്കാവുമെന്ന് മലിംഗ പറഞ്ഞു. മുൻ ശ്രീലങ്കൻ ക്രിക്കറ്റർ റസൽ ആർനോൾഡിൻ്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് 37കാരനായ മലിംഗയുടെ പ്രതികരണം.
 
ലോകകപ്പിനെ സംബന്ധിച്ച കാര്യമല്ല ഞാൻ പറയുന്നത്. ഞാൻ വിരമിച്ചിട്ടില്ല. എനിക്ക് ഇപ്പോളും 24 പന്തുകൾ എറിയാനാവും പക്ഷേ 2 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കാനാവില്ല. അതുകൊണ്ടാണ് വീട്ടിലിരിക്കുന്നത്. എനിക്ക് 24 പന്തുകൾ ഇടതടവില്ലാതെ എറിയാൻ കഴിയും. 200 പന്തുകളും എനിക്ക് എറിയാനാവും.ന്യൂസിലൻഡിനെതിരെ 4 പന്തുകളിൽ 4 വിക്കറ്റ് വീഴ്‌ത്തു‌മ്പോൾ എനിക്ക് 35 വയസായിരുന്നു പ്രായം. ആ സമയത്തൊന്നും എന്റെ ഫിറ്റ്‌നസിനെ പറ്റി പരാതി പറഞ്ഞിരുന്നില്ല. മലിംഗ പറഞ്ഞു.
 
2020 മുതൽ മലിംഗ ശ്രീലങ്കക്കായി കളിച്ചിട്ടില്ല.ഈ ജനുവരിയിലാണ് മുംബൈ ഇന്ത്യൻസ് താരമായിരുന്ന മലിംഗ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്നും വിരമിച്ചത്.  2008ൽ മുംബൈ ഇന്ത്യൻസ് ജഴ്സിയണിഞ്ഞ മലിംഗ 122 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 170 വിക്കറ്റുകളാണ് നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article