ഇന്ത്യയുടെ പ്രശ്‌നം നല്ല ഓൾറൗണ്ടർമാരുടെ അഭാവം: തുറന്നടിച്ച് കപിൽദേവ്

തിങ്കള്‍, 28 ജൂണ്‍ 2021 (22:00 IST)
ഇക്കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനോടേറ്റ വമ്പൻ പരാജയത്തിന്റെ ഞെട്ടലിലാണ് ഇന്ത്യൻ ആരാധകർ. ഇപ്പോഴിതാ ഇന്ത്യൻ ടീമിന്റെ യഥാർഥപ്രശ്‌നം നല്ല ഓൾറൗണ്ടർമാരുടെ അഭാവമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസമായ കപിൽ ദേവ്.
 
ടെസ്റ്റ് മത്സരങ്ങളിൽ ഹാർദ്ദിക്കിനെ പോലൊരു ഓൾറൗണ്ടറെ ഇന്ത്യ മിസ് ചെയ്യുന്നുണ്ടെന്നാണ് കപിൽ പറയുന്നത്.പുറം വേദന അലട്ടുന്നതിനാൽ ഓൾറൗണ്ടർ എന്ന നിലയിൽ ഹാർദ്ദിക്കിനെ ടെസ്റ്റിലേക്ക് പരിഗണിക്കാനാവില്ല.വിജയ് ശങ്കര്‍,ശിവം ദുബെ തുടങ്ങിയ മീഡിയം പേസ് ഓള്‍റൗണ്ടര്‍മാരായ യുവതാരങ്ങള്‍ക്കൊന്നും തന്നെ സ്ഥിരതയില്ല എന്നതും ഇന്ത്യക്ക് വലിയ തലവേദനയാണ്.
 
ഇന്നത്തെ ഓള്‍റൗണ്ടര്‍മാര്‍ നാല് ഓവര്‍ എറിയുമ്പോഴേക്കും തളരുന്നു.വിചിത്രമായ കാഴ്ചയാണിതെന്നാണ് കപിൽ പറയുന്നത്. ഇപ്പോൾ നെറ്റ്സിൽ ബൗളര്‍മാരക്കൊണ്ട് നാല് ഓവര്‍പോലും എറിയിക്കില്ലെന്നാണ് കേൾക്കുന്നത്.ഞാനൊക്കെ 10 ഓവറിന് മുകളില്‍ എറിഞ്ഞിരുന്നു.ഇതെല്ലാം എന്റെ കാലത്തെ താരങ്ങൾക്ക് വിചിത്രമായ കാഴ്‌ച്ചയാണ്. കപിൽ പറഞ്ഞു.
 
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പേസ് ഓള്‍റൗണ്ടര്‍മാരുടെ അഭാവം ഇന്ത്യയെ വല്ലാതെ ബാധിച്ചിരുന്നു. ന്യൂസിലൻഡ് വാലറ്റം നിർണായകമായ റൺസുകൾ കണ്ടെത്തിയപ്പോൾ ഇന്ത്യൻ വാലറ്റം തകരുന്നതാണ് ഫൈനലിൽ കാണാനായത്. രണ്ട് സ്പിന്നർ എന്നെതിന് പകരം ഓസീസിൽ മികച്ച പ്രകടനം നടത്തിയ ശാർദ്ദൂൽ താക്കൂറിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നതും ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍