വീണ്ടുമൊരു ടെസ്റ്റ് സീരീസ് വിജയത്തിനായി ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഇക്കുറിയും ആരാധകർ കാത്തിരിക്കുന്നത് വിരാട് കോലിയും സ്റ്റീവ് സ്മിത്തും തമ്മിലുള്ള പോരാട്ടത്തിനാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങൾ തമ്മിൽ വീണ്ടും മൈതാനത്ത് ഏറ്റുമുട്ടുമ്പോൾ അവസാനത്തെ ചിരി ആർക്കായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ലോകം.
ആഷസിനേക്കാളും ഓസീസ് പ്രാധാന്യത്തോടെ കാണുന്നത് ഇന്ത്യയിലുള്ള ടെസ്റ്റ് മത്സരമാണെന്ന് സ്മിത്ത് പറഞ്ഞത് തന്നെ ഓസീസ് എത്രത്തോളം പ്രാധാന്യമാണ് സീരീസിന് നൽകുന്നതെന്ന് വ്യക്തമാക്കുന്നതാണ്.നിലവിൽ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ വിരാട് കോലി പത്താം സ്ഥാനത്തും സ്റ്റീവ് സ്മിത്ത് എട്ടാം സ്ഥാനത്തുമാണ്.
3262 റൺസുള്ള ഇതിഹാസതാരം സച്ചിൻ ടെൻഡുൽക്കറാണ് പട്ടികയിൽ ഒന്നാമത്. 2555 റൺസുമായി ഓസീസ് താരം റിക്കി പോണ്ടിംഗ് രണ്ടാമതുമാണ്. 72.58 ബാറ്റിംഗ് ശരാശരിയുമായി 14 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 1742 റൺസാണ് സ്മിത്ത് ബോർഡർ- ഗവാസ്കർ ട്രോഫിയിൽ അടിച്ചുകൂട്ടിയിട്ടുള്ളത്. ഇതിൽ 8 സെഞ്ചുറികളൂം 5 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. 192 റൺസാണ് ഉയർന്ന സ്കോർ.