നെറ്റ്‌സില്‍ മണിക്കൂറുകളോളം സ്വീപ്പ് ഷോട്ടുകള്‍ പരിശീലിച്ച് കോലി, ഒപ്പം രോഹിത്തും; ഓസ്‌ട്രേലിയയെ വിറപ്പിക്കാന്‍ ഇന്ത്യയുടെ പ്ലാന്‍ ബി തയ്യാര്‍ !

ബുധന്‍, 8 ഫെബ്രുവരി 2023 (09:33 IST)
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാകും. നാല് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. മികച്ച മാര്‍ജിനോടു കൂടി പരമ്പര നേടാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കളിക്കാന്‍ സാധിക്കും. കഴിഞ്ഞ തവണ നഷ്ടമായ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഇത്തവണ നേടിയെടുക്കാനുള്ള തന്ത്രങ്ങളാണ് ഇന്ത്യന്‍ ക്യാംപ് മെനയുന്നത്. 
 
സ്പിന്നിന് ആധിപത്യമുള്ള പിച്ചായിരിക്കും ഇന്ത്യയിലേത്. അതുകൊണ്ട് തന്നെ രവിചന്ദ്രന്‍ അശ്വിന്‍-രവീന്ദ്ര ജഡേജ-അക്ഷര്‍ പട്ടേല്‍-കുല്‍ദീപ് യാദവ് എന്നിവരടങ്ങുന്ന ഇന്ത്യന്‍ ടീമിന് മുന്‍തൂക്കമുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയയെ വില കുറച്ച് കാണാന്‍ ഇന്ത്യയും തയ്യാറല്ല. 
 
നാഗ്പൂരിലാണ് ഒന്നാം ടെസ്റ്റ് നടക്കുന്നത്. ടേണിങ് ആയിരിക്കും നാഗ്പൂര്‍ പിച്ചില്‍ ബാറ്റര്‍മാരെ കുഴപ്പിക്കുക. നഥാന്‍ ലിന്‍ ആയിരിക്കും ഓസീസ് സ്പിന്നര്‍മാരില്‍ ഇന്ത്യയെ വട്ടംകറക്കാന്‍ സാധ്യതയുള്ള ബൗളര്‍. അതുകൊണ്ട് തന്നെ ടേണിങ്ങിനെതിരെ നന്നായി ബാറ്റ് ചെയ്യാന്‍ ആവശ്യമായ പാഠങ്ങള്‍ ഇപ്പോള്‍ തന്നെ ഉള്‍ക്കൊള്ളുകയാണ് രോഹിത്തും സംഘവും. 
 
നായകന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നെറ്റ്‌സില്‍ തുടര്‍ച്ചയായി പരിശീലനം നടത്തിയത് സ്വീപ്പ് ഷോട്ടുകള്‍ കളിക്കാനാണ്. സ്പിന്നിനെതിരെ ഏറ്റവും മികച്ച ആയുധം സ്വീപ്പ് ഷോട്ടുകളാണ്. കോലി പൊതുവെ സ്വീപ്പ് ഷോട്ടുകളില്‍ ദുര്‍ബലനാണ്. ഇത് മനസിലാക്കിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് കോലിയോട് സ്വീപ്പ് ഷോട്ടുകള്‍ പരിശീലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ടീമിലെ സ്പിന്നര്‍മാരെ കൊണ്ട് തുടര്‍ച്ചയായി പന്തെറിയിപ്പിച്ച് സ്വീപ്പ് ഷോട്ടുകള്‍ പരിശീലിക്കുന്ന കോലിയെയാണ് തങ്ങള്‍ നെറ്റ്‌സില്‍ കണ്ടതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍