ഓസ്‌ട്രേലിയക്കതിരായ സെമിഫൈനല്‍ മത്സരത്തില്‍ തന്റെ മാസ്റ്റര്‍ ക്ലാസ് ഇന്നിങ്ങ്‌സിലൂടെ ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായകമായ പങ്കാണ് സൂപ്പര്‍ താരമായ വിരാട് കോലി വഹിച്ചത്. മത്സരത്തില്‍ ഓസീസ് ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ഇന്ത്യയ്ക്കായി മത്സരത്തിന്റെ അവസാനഘട്ടം വരെ ക്രീസില്‍ നിന്ന കോലി ടീമിനെ സുരക്ഷിതമാക്കിയാണ് പവലിയനിലേക്ക് മടങ്ങിയത്.
സെഞ്ചുറി നേടാന്‍ അവസരമുണ്ടായിരുന്നെങ്കിലും 84 റണ്‍സില്‍ നില്‍ക്കെ ആദം സാമ്പയെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ ബെന്‍ ഡാര്‍സ്യൂസിന് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങിയത്. കോലി പുറത്തായെങ്കിലും 42 റണ്‍സുമായി പുറത്താകാതെ നിന്ന കെ എല്‍ രാഹുലും 28 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. ഇതോടെ 4 വിക്കറ്റിന്റെ വിജയം സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു.