ഐപിഎല്ലിന്റെ കാശാണോ മുഖ്യം, ഉള്ള ജീവനും കൊണ്ട് ഓട് മക്കളെ, വിദേശതാരങ്ങളെ ഉപദേശിച്ച് മിച്ചല്‍ ജോണ്‍സണ്‍
ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ പോരാട്ടങ്ങള്‍ നാളെ തുടങ്ങാനിരിക്കെ വിദേശതാരങ്ങള്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നത് ബുദ്ധിപരമായ തീരുമാനമല്ലെന്ന് വ്യക്തമാക്കി മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍. ഐപിഎല്ലില്‍ നിന്നും കിട്ടുന്ന ഭീമമായ ശമ്പളത്തേക്കാള്‍ പ്രാധാന്യം സ്വന്തം സുരക്ഷയ്ക്ക് നല്‍കണമെന്നാണ് മുന്‍ ഓസീസ് പേസറുടെ ഉപദേശം.
ഇന്ത്യ- പാക് സംഘര്‍ഷത്തെ തുടര്‍ന്ന് മെയ് 9നാണ് ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചത്. ഇതോടെ വിദേശതാരങ്ങളെല്ലാം നാട്ടിലേക്ക് മടങ്ങി. ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായതോടെ ഈ മാസം 17 മുതലാണ് ഐപിഎല്‍ മത്സരങ്ങള്‍ പുനരാരംഭിക്കുന്നത്. ഇതോടെ വിദേശതാരങ്ങളെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് ഫ്രാഞ്ചൈസികള്‍. ഈ സാഹചര്യത്തിലാണ് മിച്ചല്‍ ജോണ്‍സന്റെ ഉപദേശം.
ക്രിക്കറ്റ് ഓസ്‌ട്രേലിയ താരങ്ങളോട് സ്വന്തമായി തീരുമാനമെടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെ തീരുമാനിക്കുന്നത് അവര്‍ക്ക് തന്നെ ദോഷം ചെയ്യും എന്നാണ് എന്റെ അഭിപ്രായം. പണം കിട്ടിയേക്കാം. എന്നാല്‍ ഇത് കേവലം ഒരു കളിയാണെന്നും ജീവന്റെ സുരക്ഷയാണ് പ്രധാനമെന്നും മനസിലാക്കണം. ക്രിക്കറ്റ് ആവേശകരമാണ് തര്‍ക്കമില്ല.ഭിന്നതകള്‍ ഇല്ലാതെയാക്കാന്‍ ക്രിക്കറ്റിനാകും. എന്നാല്‍ നിലവിലെ പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷത്തില്‍ കളിക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ പരിഗണിക്കണം. കളിക്കാരുടെയും ആരാധകരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും മുന്‍ഗണന നല്‍കണം. സംഘര്‍ഷാവസ്ഥ പൂര്‍ണമായും ഇല്ലാതായ ശേഷം മത്സരങ്ങള്‍ വീണ്ടും തുടങ്ങുന്നതാകും നല്ലത് എന്നാണ് എന്റെ അഭിപ്രായം. ജോണ്‍സണ്‍ വ്യക്തമാക്കി.