ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ പ്ലേ ഓഫ് മത്സരങ്ങള്‍ ജൂണ്‍ മാസത്തിലേക്ക് കടന്നതോടെ വിദേശതാരങ്ങളുടെ കാര്യത്തില്‍ ടീമുകള്‍ കടുത്ത അനിശ്ചിതത്വത്തില്‍. നിലവില്‍ ടേബിളില്‍ ഒന്നാമതുള്ള ഗുജറാത്ത് ടൈറ്റന്‍സിനെയാണ് ഐപിഎല്‍ നീണ്ടുനിന്നത് കാര്യമായി ബാധിക്കുക. ടീമിന്റെ ഇതുവരെയുള്ള കുതിപ്പില്‍ മുന്‍നിരയിലെ 3 ബാറ്റര്‍മാരുടെ പ്രകടനങ്ങളായിരുന്നു നിര്‍ണായകമായത്. ടീമിനെ നിര്‍ണായക താരമായ ജോസ് ബട്ട്ലര്‍ പ്ലേ ഓഫിനില്ലെന്ന് പ്രഖ്യാപിച്ചത് ഗുജറാത്തിനേറ്റ ഇരുട്ടടിയാണ്.
ക്രിക്കറ്റ് ഓസ്‌ട്രേലിയ, ക്രിക്കറ്റ് സൗത്താഫ്രിക്ക, ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡുകള്‍ കളിക്കാരെ വിട്ടുനല്‍കുന്നതിലാണ് അനിശ്ചിതത്വം. ഈ ടീമുകള്‍ക്കെല്ലാം മത്സരങ്ങളുള്ളതാണ് ഐപിഎല്‍ ഫ്രാഞ്ചൈസികളെ ബാധിച്ചത്. ഇതോടെ ജോസ് ബട്ട്ലര്‍, ഷെര്‍ഫാനെ റഥര്‍ഫോര്‍ഡ്, കഗിസോ റബാഡ എന്നിവരുടെ സേവനം ഗുജറാത്തിന് ലഭ്യമാകില്ല.
ജേക്കബ് ബേഥല്‍, റോമരിയോ ഷെപ്പേര്‍ഡ്, ജോഷ് ഹേസല്‍വുഡ് എന്നിവരുടെ കാര്യത്തിലാണ് ബെംഗളുരുവിന് അനിശ്ചിതത്വമുള്ളത്. ഇതില്‍ ഹേസല്‍വുഡ് ആര്‍സിബിക്കായി കളിക്കാന്‍ സന്നദ്ധത അറിയിച്ചതായാണ് സൂചന. മാര്‍ക്കോ യാന്‍സന്‍, ജോഷ് ഇംഗ്ലീഷ്, മാര്‍ക്കസ് സ്റ്റോയ്‌നിസ് എന്നിവരുടെ കാര്യത്തിലാണ് പഞ്ചാബ് കിംഗ്‌സില്‍ അനിശ്ചിതത്വമുള്ളത്. റയാന്‍ റിക്കിള്‍ട്ടണ്‍, കോര്‍ബിന്‍ ബോഷ്, വില്‍ ജാക്‌സ് എന്നിവരുടെ സേവനമാകും മുംബൈയ്ക്ക് നഷ്ടമാവുക.
ജേക് ഫ്രേസര്‍ മഗ്രുഗ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രിസ്റ്റ്യന്‍ സ്റ്റബ്‌സ് എന്നിവരാണ് ഡല്‍ഹി നിരയില്‍ അനിശ്ചിതത്വത്തിലുള്ള വിദേശതാര്‍ങ്ങള്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ മോയിന്‍ അലിയും അടുത്ത മത്സരങ്ങള്‍ കളിക്കില്ലെന്നാണ് സൂചന. ഇംഗ്ലണ്ട്- വെസ്റ്റിന്‍ഡീസ് പരമ്പര മെയ് 29നും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരം ജൂണ്‍ 11 മുതല്‍ 15 വരെയുമാണ്. മെയ് 29നാണ് പ്ലേ ഓഫ് മത്സരങ്ങള്‍ ഐപിഎല്ലില്‍ ആരംഭിക്കുക. ജൂണ്‍ മൂന്നിനാണ് ഐപിഎല്‍ ഫൈനല്‍.