ബാറ്റിങ്ങിനിടെ സിംഗിള്‍ ഓടാന്‍ വിസമ്മതിച്ച ശ്രികര്‍ ഭരതിനെ തുറിച്ചുനോക്കി വിരാട് കോലി. അഹമ്മദബാദ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിനിടെയായിരുന്നു സംഭവം. നാലാം ദിവസത്തെ കളിക്കിടെ ലെഗ് സൈഡിലേക്ക് ഷോട്ട് പായിച്ച കോലി സിംഗിളിനായി ഓടിയെങ്കിലും നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന ശ്രികര്‍ ഭരത് പിന്‍മാറുകയായിരുന്നു. ഭരത് സിംഗിളില്‍ നിന്ന് പിന്‍മാറിയതോടെ കോലി തിരിച്ച് ക്രീസിലേക്ക് കയറി. അതിനു ശേഷമാണ് ഭരതിനെ കോലി തുറിച്ചുനോക്കിയത്. 'കൊല്ലുന്ന പോലൊരു നോട്ടം' എന്നാണ് ഇതിനെ കമന്ററി ബോക്‌സില്‍ ഇരുന്ന് രവി ശാസ്ത്രി വിശേഷിപ്പിച്ചത്.
കോലി ക്രീസിലേക്ക് ഓടികയറിയതും പന്ത് ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയുടെ കൈകളില്‍ എത്തി. ഏതാനും സെക്കന്‍ഡുകള്‍ വൈകിയിരുന്നെങ്കില്‍ കോലിയുടെ വിക്കറ്റ് ചിലപ്പോള്‍ നഷ്ടമായേനെ. പിന്നീട് കോലി കൂളായാണ് ഭരതിനോട് പെരുമാറിയത്. ഭരതിന് നേരെ കുഴപ്പമില്ലെന്ന ആംഗ്യം കാണിച്ച ശേഷം കോലി ബാറ്റിങ് തുടരുകയായിരുന്നു.
അതേസമയം ടെസ്റ്റ് കരിയറിലെ തന്റെ 28-ാം സെഞ്ചുറിയാണ് കോലി അഹമ്മദാബാദില്‍ നേടിയത്. മൂന്ന് വര്‍ഷത്തിനും മൂന്ന് മാസത്തിനും ശേഷമാണ് കോലി ടെസ്റ്റില്‍ സെഞ്ചുറി നേടുന്നത്.