ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ അനായാസ വിജയവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു. ദേവ്ദത്ത് പടിക്കലും വിരാട് കോലിയും അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ മത്സരത്തില്‍ പഞ്ചാബ് ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് ബെംഗളുരു മറികടന്നത്. ഇതോടെ 8 മത്സരങ്ങളില്‍ നിന്നും 10 പോയന്റുമായി ബെംഗളുരു പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.
പഞ്ചാബ് ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബെംഗളുരുവിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ നഷ്ടമായെങ്കിലും തുടര്‍ന്ന് ഒത്തുചേര്‍ന്ന കോലി- പടിക്കല്‍ സഖ്യം ടീം സ്‌കോര്‍ ഉയര്‍ത്തി. ഇരുവരും ക്രീസില്‍ നിലയുറപ്പിച്ചതോടെ 11 ഓവറില്‍ ടീം സ്‌കോര്‍ 100 റണ്‍സിലെത്തി. ടീം സ്‌കോര്‍ 109ല്‍ നില്‍ക്കെ 61 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലിനെ നഷ്ടമായെങ്കിലും അര്‍ധസെഞ്ചുറിയുമായി നിലയുറപ്പിച്ച വിരാട് കോലി ടീമിന്റെ വിജയം ഉറപ്പിച്ചു. 54 പന്തില്‍ 73 റണ്‍സാണ് കോലി അടിച്ചെടുത്തത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഇന്നിങ്ങ്‌സ് 157 റണ്‍സില്‍ അവസാനിച്ചിരുന്നു. ബെംഗളുരുവിനായി സുയാന്‍ഷ് ശര്‍മ, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി. റൊമാരിയൊ ഷെപ്പേര്‍ഡ് ഒരു വിക്കറ്റും സ്വന്തമാക്കി.