Kohli and Rohit:അഫ്ഗാനെതിരായ ടി20യിൽ ബുമ്രയ്ക്കും സിറാജിനും വിശ്രമം, കോലിയും രോഹിത്തും കളിച്ചേക്കും

അഭിറാം മനോഹർ
വെള്ളി, 5 ജനുവരി 2024 (14:52 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ആരംഭിക്കാനിരിക്കുന്ന അഫ്ഗാനെതിരായ ടി20 പരമ്പരയില്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ സീനിയര്‍ താരങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചതോടെയാണ് അഫ്ഗാനെതിരായ പരമ്പരയില്‍ താരങ്ങളെയും പരിഗണിക്കാന്‍ ബിസിസിഐയെ നിര്‍ബന്ധിതരാക്കിയത്. 2022ലെ ടി20 ലോകകപ്പിന് ശേഷം ഇരുതാരങ്ങളും ഇന്ത്യയ്ക്ക് വേണ്ടി ടി20 ക്രിക്കറ്റില്‍ കളിച്ചിട്ടില്ല.
 
ഇന്ന് വൈകീട്ട് നടക്കുന്ന ബിസിസിഐ മീറ്റിംഗിന് പിന്നാലെ അഫ്ഗാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജനുവരി 11ന് ആരംഭിക്കുന്ന ടി20 പരമ്പരയില്‍ 3 മത്സരങ്ങളാണുള്ളത്. ഈ പരമ്പരയ്ക്ക് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യന്‍ ടീം കളിക്കുന്നത്. അഫ്ഗാനെതിരായ പരമ്പരയില്‍ സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ കളിക്കുന്നില്ല. പരിക്കാണ് ഇരുതാരങ്ങളെയും വലയ്ക്കുന്നത്.
 
രോഹിത് ടി20 ടീമില്‍ മടങ്ങിയെത്തുമ്പോള്‍ ഓപ്പണിംഗ് റോളില്‍ ശുഭ്മാന്‍ ഗില്‍/ യശ്വസി ജയ്‌സ്വാള്‍ എന്നിവരില്‍ ഒരാള്‍ക്ക് സ്ഥാനം നഷ്ടപ്പെടുമെന്ന് ഉറപ്പാണ്. ഹാര്‍ദ്ദിക്കിന്റെയും സൂര്യയുടെയും അഭാവത്തില്‍ രോഹിത് ടി20 നായകനാകുമോ എന്ന കാര്യത്തില്‍ പക്ഷേ ഇതുവരെയും വ്യക്തതയായിട്ടില്ല. ഇംഗ്ലണ്ടുമായി ടെസ്റ്റ് പരമ്പര വരാനുള്ളതിനാല്‍ പേസര്‍മാരായ ജസ്പ്രീത് ബുമ്ര,മുഹമ്മദ് സിറാജ് എന്നിവര്‍ അഫ്ഗാനെതിരായ പരമ്പരയില്‍ ഉണ്ടാവില്ല.
 

അനുബന്ധ വാര്‍ത്തകള്‍

Next Article