ടി20 ലോകകപ്പ് ടീമിൽ ജസ്പ്രീത് ബുമ്രയുടെ പരിക്കോടെ വലിയ ആശങ്കയാണ് ഇന്ത്യൻ ബൗളിങ് നിരയെ കുറിച്ച് ഉയർന്നത്. ടീമിലെ പരിചയസമ്പന്നനായ ഭുവനേശ്വർ കുമാർ പതിവില്ലാതെ റൺസ് വിട്ടുകൊടുക്കുന്നത് പതിവാക്കിയതോടെ ലോകകപ്പിൽ ഇന്ത്യൻ ബൗളിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നുവീഴുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ ലോകകപ്പിൽ ഡോട്ട് ബോളുകളിലൂടെ വിസ്മയിപ്പിക്കുകയാണ് ഇന്ത്യയുടെ ഭുവി.
ഇന്ന് സെമി ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിനെ ഇന്ത്യ നേരിടുമ്പോൾ ഇന്ത്യ ഏറ്റവും ഭയക്കുന്നത് ഇംഗ്ലണ്ട് നായകനായ ജോസ് ബട്ട്‌ലറിനെയാണ്. നിലയുറപ്പിച്ചുകഴിഞ്ഞാൽ ഒറ്റയ്ക്ക് മത്സരം മാറ്റിമറിക്കുന്ന ജോസ് ബട്ട്‌ലറിനെ ആദ്യമെ പുറത്താക്കേണ്ടത് ഇന്ത്യൻ വിജയത്തിൽ നിർണായകമാകും. ഇന്ത്യൻ നിരയിൽ ഭുവനേശ്വർ കുമാറിന് മികച്ച റെക്കോർഡാണ് ഇംഗ്ലണ്ട് താരത്തിനെതിരെയുള്ളത്.
ആകെ 8 ഇന്നിങ്ങ്സുകളിലാണ് ഇവർ ഏറ്റുമുട്ടിയത്. ഭുവിയുടെ 32 പന്തുകളിൽ നിന്നും 30 റൺസാണ് ബട്ട്‌ലർ നേടിയത്. ഒരു ഫോറും ഒരു സിക്സും മാത്രമാണ് ഭുവിക്കെതിരെ ബട്ട്‌ലർ നേടിയത്. 8 ഇന്നിങ്ങ്സുകളിൽ 5 തവണയാണ് ഭുവി ബട്ട്‌ലറിനെ പുറത്താക്കിയത്. ആകെ എറിഞ്ഞ 32 പന്തുകളിൽ 17 എണ്ണം ഡോട്ട് ബോളുകളാണ്.