ഓവലിൽ ഇംഗ്ലണ്ടിന്റെ നട്ടെല്ല് തകർത്ത് 100 വിക്കറ്റ് നേട്ടം ആഘോഷമാക്കി ബു‌മ്ര, തകർത്തത് കപിൽദേവിന്റെ റെക്കോഡ്

Webdunia
തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (19:17 IST)
ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ വിജയസാധ്യതകളെ എറിഞ്ഞിട്ട് ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്‌പ്രീത് ബു‌മ്ര. ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ഓലി പോപ്പിനെ ക്ലീന്‍ ബൗള്‍ഡാക്കിയ ബുമ്ര ടെസ്റ്റില്‍ അതിവേഗം 100 വിക്കറ്റ് തികക്കുന്ന ഇന്ത്യൻ പേസറെന്ന നേട്ടവും മത്സരത്തിൽ സ്വന്തമാക്കി.24 ടെസ്റ്റുകളില്‍ നിന്നാണ് ബുമ്ര 100 വിക്കറ്റ് തികച്ചത്. 25 ടെസ്റ്റില്‍ 100 വിക്കറ്റ് തികച്ച കപില്‍ ദേവിന്‍റെ റെക്കോര്‍ഡാണ് ഓവലില്‍ ബുമ്ര മറികടന്നത്.
 
28 ടെസ്റ്റിൽ നിന്നും 100 വിക്കറ്റിലെത്തിയ ഇർ‌ഫാൻ പത്താനും  29 ടെസ്റ്റില്‍ 100 വിക്കറ്റ് തികച്ച മുഹമ്മദ് ഷമിയുമാണ് ബുമ്രക്കും കപിലിനും പിന്നില്‍  മൂന്നൂം നാലും സ്ഥാനങ്ങളില്‍. ടെസ്റ്റിൽ 100 വിക്കറ്റുകൾ സ്വന്തമാക്കിയതോടെ ഈ നേട്ടം സ്വന്തമാക്കുന്ന 23മത്തെ താരം കൂടിയായി ബു‌മ്ര. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നാലു ടെസ്റ്റില്‍ നിന്ന് 18 വിക്കറ്റുകളാണ് ബുമ്ര ഇതുവരെ നേടിയത്.
 
നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ 141 എന്ന നിലയിൽ നിന്നും തുടർച്ചയായി രണ്ട് വിക്കറ്റുകൾ വീഴ്‌ത്തി പ്രതിരോധത്തിലാക്കിയത് ജസ്‌പ്രീത് ബു‌മ്രയാണ്. കഴിഞ്ഞ ഇന്നിങ്സിലെ ഇംഗ്ലണ്ടിന്റെ ടോപ് സ്കോററായ ഒലി പോപ്പ്, സ്റ്റാർ ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോ എന്നിവരെയാണ് ചെറിയ സ്കോറിൽ ബു‌മ്ര തിരികെയയച്ചത്. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തിൽ 150 റൺസെന്ന നിലയിലാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article