ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ വെറ്ററന്‍ പേസറായ ജെയിംസ് ആന്‍ഡേഴ്‌സണ്‍ തിരിച്ചെത്തി. ജാക്ക് ലീച്ചിന് പരിക്കേറ്റ സാഹചര്യത്തില്‍ പുതുമുഖ താരമായ ഷോയ്ബ് ബഷീറാകും ഇംഗ്ലണ്ടിനായി കളിക്കുക. മാര്‍ക്ക് വുഡിന് പകരമായാണ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആന്‍ഡേഴ്‌സണ്‍ ടീമിലെത്തുന്നത്. നിലവില്‍ 41 കാരനായ ആന്‍ഡേഴ്‌സണ്‍ 2003 മെയ് 22നാണ് ഇംഗ്ലണ്ടിനായി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്.
ആന്‍ഡേഴ്‌സണ്‍ അന്ന് കളിക്കുമ്പോള്‍ ജനിക്കുക പോലും ചെയ്തിട്ടില്ലാത്ത റെഹാന്‍ അഹമ്മദും ഷോയ്ബ് ബഷീറും ഇന്ന് ആന്‍ഡേഴ്‌സന്റെ സഹതാരങ്ങളാണ്. 2003 ഓക്ടോബര്‍ 13നായിരുന്നു ഷോയ്ബ് ബഷീറിന്റെ ജനനമെങ്കില്‍ റെഹാന്‍ അഹമ്മദ് ജനിച്ചത് 2004 ഓഗസ്റ്റ് 13നായിരുന്നു. അതേസമയം ഈന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കളിക്കുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റ് നേട്ടമെന്ന റെക്കോര്‍ഡ് ആന്‍ഡേഴ്‌സണിന്റെ മുന്നിലുണ്ട്. 183 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 690 വിക്കറ്റുകളാണ് താരത്തിനുള്ളത്.
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തുടര്‍ന്നുള്ള ടെസ്റ്റുകളിലും കളിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ വെച്ച് തന്നെ 700 വിക്കറ്റ് ക്ലബിലെത്താന്‍ താരത്തിനാകും. 2 താരങ്ങള്‍ മാത്രമാണ് ടെസ്റ്റ് ക്രിക്കറ്റില്‍ 700ന് മുകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ളു.