Ind vs Eng: രണ്ടാം ടെസ്റ്റിൽ ടേണിങ് പിച്ചൊരുക്കിയാലും ഇന്ത്യ പണി വാങ്ങിക്കും, കാരണം പറഞ്ഞ് ഹർഭജൻ സിംഗ്

അഭിറാം മനോഹർ

ചൊവ്വ, 30 ജനുവരി 2024 (18:46 IST)
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തില്‍ അപ്രതീക്ഷിതമായ തോല്‍വിയായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. ഒന്നാം ഇന്നിങ്ങ്‌സില്‍ 190 റണ്‍സ് ലീഡുണ്ടായിട്ടും തോല്‍വി നേരിട്ടത് ഇന്ത്യന്‍ ആരാധകരെ തകര്‍ത്തിട്ടുണ്ട്.അതിനാല്‍ തന്നെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടേണിംഗ് പിച്ചാകും ഇന്ത്യ ഒരുക്കുക എന്ന അഭ്യൂഹം ശക്തമാണ്. എന്നാല്‍ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടേണിംഗ് പിച്ചൊരുക്കുകയാണെങ്കില്‍ ഇന്ത്യ തന്നെയായിരിക്കും ബുദ്ധിമുട്ടുക എന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നറായ ഹര്‍ഭജന്‍ സിംഗ് പറയുന്നു.
 
കെ എല്‍ രാഹുലിന്റെയും രവീന്ദ്ര ജഡേജയുടെയും അഭാവത്തില്‍ താരതമ്യേന പരിചയസമ്പത്ത് കുറഞ്ഞ ബാറ്റിംഗ് നിരയാകും രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഉണ്ടാവുക. പരിചയസമ്പന്നരായ താരങ്ങളുടെ അഭാവം ഇന്ത്യന്‍ ബാറ്റിംഗിന്റെ കരുത്ത് കുറയ്ക്കും. രോഹിത് ശര്‍മ ഉണ്ടെന്നത് ശരി തന്നെ എങ്കിലും തീരെ മത്സര പരിചയമില്ലാത്ത ബാറ്റിംഗ് നിരയാണ് ഇന്ത്യയുടേത്. ഒരു സ്പിന്‍ ട്രാക്ക് ഒരുക്കുകയാണെങ്കില്‍ ആ വെല്ലുവിളി നേരിടാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കാവുമോ എന്നത് കണ്ടറിയേണ്ടതായി വരും. അതിനാല്‍ തന്നെ ഇംഗ്ലണ്ടിനെതിരെ അടുത്ത ടെസ്റ്റില്‍ ടേണിങ് പിച്ചൊരുക്കിയാല്‍ ഇന്ത്യ പരാജയപ്പെടുമോ എന്ന ഭയം എനിക്കുണ്ട്.
 
ഇന്ത്യയുടെ ബാറ്റിംഗ് യൂണിറ്റ് ചെറുപ്പമാണ്. നല്ലൊരു ട്രാക്കാണ് ലഭിക്കുന്നതെങ്കില്‍ ബാറ്റിംഗില്‍ മികവ് പുലര്‍ത്താന്‍ അവര്‍ക്കാകും.എന്നാല്‍ ടേണിംഗ് പിച്ചിലെ പ്രകടനത്തെ പറ്റി പറയാനാകില്ല. ടേണിംഗ് ട്രാക്കാണ് ഇന്ത്യ ഒരുക്കുന്നതെന്ന് വാഷിങ്ടണ്‍ സുന്ദര്‍,സൗരഭ് കുമാര്‍ എന്നീ സ്പിന്‍ ഓള്‍റൗണ്ടര്‍മാരെ ഇന്ത്യ ടീമിലെടുത്തതോടെ ഉറപ്പായിരിക്കുകയാണെന്നും ഹര്‍ഭജന്‍ കൂട്ടിചേര്‍ത്തു. അങ്ങനെയെങ്കില്‍ രണ്ടാം ടെസ്റ്റ് മത്സരം നാലാം ദിവസം വരെ നീണ്ടുനിന്നേക്കില്ലെന്നും ഭാജി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍