Ishant Sharma: ഇതുപോലൊരു ഐപിഎല്‍ സീസണ്‍ മുന്‍പൊന്നും ഉണ്ടായിട്ടില്ല. കരിയര്‍ അവസാനിച്ച മുതിര്‍ന്ന താരങ്ങള്‍ വരെ ഈ സീസണില്‍ തങ്ങളുടെ ഫ്രാഞ്ചൈസിക്ക് വേണ്ടി അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങള്‍ നടത്തുകയാണ്. അജിങ്ക്യ രഹാനെ, പിയൂഷ് ചൗള, മോഹിത് ശര്‍മ തുടങ്ങിയ താരങ്ങളുടെ പട്ടികയിലേക്ക് ഇപ്പോള്‍ ഇതാ ഇഷാന്ത് ശര്‍മയും. തുടര്‍ തോല്‍വികളില്‍ വലയുകയായിരുന്ന ഡല്‍ഹിക്ക് ഇഷാന്തിന്റെ വരവോടെ പുതുജീവന്‍ ലഭിച്ചിരിക്കുകയാണ്.
ഈ സീസണില്‍ ആദ്യ മത്സരങ്ങളിലെല്ലാം ഇഷാന്ത് ഡല്‍ഹിയുടെ ബെഞ്ചില്‍ ആയിരുന്നു. ഒരു കളി പോലും ഇഷാന്ത് പ്ലേയിങ് ഇലവനില്‍ ഉണ്ടാകില്ലെന്ന് ആരാധകര്‍ അടക്കം ഉറപ്പിച്ചിരുന്നു. എന്നാല്‍ അവിചാരിതമായി കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ഇഷാന്ത് പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചു. ബംഗ്ലാദേശ് സ്റ്റാര്‍ ബൗളര്‍ മുഷ്ഫിക്കര്‍ റഹ്മാനെ ബെഞ്ചിലേക്ക് മാറ്റിയാണ് ഇഷാന്ത് പ്ലേയിങ് ഇലവനിലേക്ക് വന്നതെന്ന കാര്യം ഏറെ ശ്രദ്ധേയമാണ്.
വേറൊരു വഴിയും ഇല്ലാത്ത അവസ്ഥയിലാണ് ഡല്‍ഹി മാനേജ്‌മെന്റ് ഇഷാന്തിനെ പരീക്ഷിച്ചു നോക്കാന്‍ തീരുമാനിക്കുന്നത്. തന്റെ വരവ് വെറുതെ ആകില്ലെന്ന് ഇഷാന്ത് അപ്പോള്‍ തന്നെ ഉറപ്പിച്ചിരുന്നു. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ ഇഷാന്ത് സ്വന്തമാക്കി. കളിയിലെ താരവും ഇഷാന്ത് തന്നെ. അതോടെ അടുത്ത മത്സരത്തിലും ഇഷാന്തിന് പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചു.
സണ്‍റൈസേവ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ മൂന്ന് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റാണ് ഇഷാന്ത് വീഴ്ത്തിയത്. അവിടെയും ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഇപ്പോള്‍ ഇതാ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ അവസാന ഓവറില്‍ 12 റണ്‍സ് ജയിക്കാന്‍ വേണ്ട സമയത്ത് വെറും ആറ് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി കൊണ്ട് ഇഷാന്തിന്റെ ഉഗ്രന്‍ പ്രകടനം. നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് ഇഷാന്ത് ഗുജറാത്തിനെതിരെ വീഴ്ത്തിയത്. കഴിച്ച മൂന്ന് മത്സരങ്ങളില്‍ നിന്നായി അഞ്ച് വിക്കറ്റുകള്‍ ഇഷാന്ത് ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. ക്രിക്കറ്റില്‍ അനുഭവസമ്പത്തിന് എത്രത്തോളം വിലയുണ്ടെന്ന് തെളിയിക്കുകയാണ് ഇഷാന്ത് ഓരോ മത്സരങ്ങളിലൂടെയും.