ആഭ്യന്തര ക്രിക്കറ്റില്‍ സജീവമാകാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍. ബുച്ചി ബാബു ട്രോഫിയില്‍ ജാര്‍ഖണ്ഡ് ടീമിനെ ഇഷാന്‍ നയിക്കും. രാജ്യാന്തര ടീമിലേക്ക് തിരിച്ചെത്തണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങാതെ കാര്യമില്ലെന്ന് മനസിലാക്കിയതിനു പിന്നാലെയാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ സജീവമാകാന്‍ ഇഷാന്‍ തീരുമാനിച്ചത്.
തമിഴ്‌നാട്ടില്‍ ഓഗസ്റ്റ് 15 നാണ് ബുച്ചി ബാബു ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. റൗണ്ട് ഒന്നില്‍ ഇഷാന്‍ കിഷന്‍ നയിക്കുന്ന ജാര്‍ഖണ്ഡിനു എതിരാളികള്‍ മധ്യപ്രദേശ് ആണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാതെ ഇഷാന്‍ കിഷനു ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്താന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോള്‍.
ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഭാഗമാകുക എന്ന ലക്ഷ്യത്തോടെയാണ് ഇഷാന്‍ ആഭ്യന്തര റെഡ് ബോള്‍ ക്രിക്കറ്റില്‍ സജീവമാകുന്നത്. അടുത്ത അഞ്ച് മാസത്തിനിടെ 10 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിക്കാന്‍ പോകുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങാനായാല്‍ ഇഷാനു ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ സ്ഥാനം പിടിക്കാന്‍ സാധിക്കും.