ഓരോ മത്സരത്തിനും മാച്ച് ഫീയായി പ്രത്യേക പ്രതിഫലം, ഐപിഎല്ലിൽ താരങ്ങൾക്ക് ലോട്ടറി

അഭിറാം മനോഹർ
ഞായര്‍, 29 സെപ്‌റ്റംബര്‍ 2024 (09:33 IST)
ഐപിഎല്‍ മെഗാതാരലേലവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ വമ്പന്‍ പ്രഖ്യാപനവുമായി സ്ഥാനമൊഴിയുന്ന ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഐപിഎല്‍ 2025 സീസണില്‍ ഓരോ താരങ്ങള്‍ക്കും ഒരു മത്സരത്തിന് 7.5 ലക്ഷം വീതം ബിസിസിഐ വക മാച്ച് ഫീയായി ലഭിക്കും. ഇതോടെ അടുത്ത സീസണിൽ ഐപിഎല്ലില്‍ ലീഗ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളും കളിക്കുന്ന ഒരു താരത്തിന് ഈയിനത്തിന് മാത്രമായി 1.05 കോടി രൂപ ലഭിക്കും.
 
ബിസിസിഐ സെക്രട്ടറി ജയ് ഷായുടേതാണ് ചരിത്രപരമായ ഈ തീരുമാനം. മാച്ച് ഫീസ് നല്‍കാനായി ഓരോ ഫ്രാഞ്ചൈസിക്കും മാച്ച് ഫീ ഇനത്തില്‍ ബിസിസിഐ 12.60 കോടി രൂപ അനുവദിക്കുമെന്നും ഷാ കൂട്ടിച്ചേര്‍ത്തു. ഐപിഎല്ലിലേക്ക് കൂടുതല്‍ കളിക്കാരെ ആകര്‍ഷിക്കുന്നതിനായാണ് ബിസിസിഐയുടെ ഈ പദ്ധതി. നിലവില്‍ വിദേശതാരങ്ങള്‍ പല കാരണങ്ങള്‍ കാണിച്ച് ടൂര്‍ണമെന്റിന് മുന്‍പ് ഐപിഎല്ലില്‍ നിന്നും പിന്മാറുന്ന പ്രവണതയുണ്ട്. അടിസ്ഥാന വിലയ്ക്ക് ടീമിലെത്തുന്ന താരങ്ങള്‍ക്കാകും പുതിയ തീരുമാനം ഏറെ ഗുണം ചെയ്യുക. ഇതോടെ 20 ലക്ഷത്തിന് കരാറിലേര്‍പ്പെട്ടാലും എല്ലാ കളികളും കളിക്കാനായാല്‍ ഒരു കോടിയിലധികം ആ താരത്തിന് ലഭിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article