രോഹിത്തിനെ മുംബൈ കൈവിടും, ആർസിബിയിൽ നിന്നും മാക്സ്വെല്ലും ഡുപ്ലെസിയും പുറത്തേക്ക്

അഭിറാം മനോഹർ

ചൊവ്വ, 24 സെപ്‌റ്റംബര്‍ 2024 (15:46 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലവുമായി ബന്ധപ്പെട്ട് ഇതുവരെ കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ലെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ ടീമുകള്‍ നിലനിര്‍ത്തുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. 2025ലെ താരലേലത്തിന് മുന്നോടിയായി ചുരുക്കം താരങ്ങളെ മാത്രമാകും ടീമുകള്‍ക്ക് നിലനിര്‍ത്താനാവുക. ഇതോടെ പല പ്രധാനതാരങ്ങളും അടുത്ത വര്‍ഷത്തെ മെഗാതാരലേലത്തിലെത്തും.
 
നിലവിലെ സ്‌ക്വാഡില്‍ ആറ് പേരെ നിലനിര്‍ത്താനാകും ടീമുകള്‍ക്ക് സാധിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഹാര്‍ദ്ദിക് പാണ്ഡ്യയെ നായകനാക്കി കൊണ്ടുവന്ന നീക്കത്തോടെ രോഹിത് ശര്‍മ അടുത്ത സീസണില്‍ മുംബൈ വിടുമെന്നാണ് ക്രിക്കറ്റ് ലോകം പ്രതീക്ഷിക്കുന്നത്. താരലേലത്തിന് മുന്‍പായി പഞ്ചാബ്, ലഖ്‌നൗ പോലുള്ള ടീമുകള്‍ ഇതോടെ നായകനെന്ന നിലയില്‍ രോഹിത്തിനെ നോട്ടമിടാന്‍ സാധ്യതയേറെയാണ്.
 
 രോഹിത്തിനെ കൂടാതെ ആര്‍സിബിയിലെ പ്രധാനതാരങ്ങളായ ഫാഫ് ഡുപ്ലെസിസ്. ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവരെയും ടീം കൈയൊഴിയുമെന്നാണ് റിപ്പോര്‍ട്ട്. 40 കഴിഞ്ഞ ഡുപ്ലെസിസ് ടീമില്‍ തുടരുന്നതില്‍ ആര്‍സിബി മാനേജ്‌മെന്റിന് അഭിപ്രായവ്യത്യാസങ്ങളുണ്ട്. കഴിഞ്ഞ സീസണുകളിലെ മോശം പ്രകടനമാണ് മാക്‌സ്വെല്ലിന് പുറത്തേക്കുള്ള വഴി തുറക്കുന്നത്. അതേസമയം പ്രായം ഏറിയെങ്കിലും ആന്ദ്രെ റസ്സല്‍,സുനില്‍ നരെയ്ന്‍ എന്നിവരെ കൊല്‍ക്കത്ത നിലനിര്‍ത്തുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ കഴിഞ്ഞ സീസണിലെ താരങ്ങളില്‍ ഒരാളായ ഫില്‍ സാല്‍ട്ട് ടീമില്‍ നിന്നും പുറത്താകാന്‍ സാധ്യതയേറെയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍