"പൊട്ടൻ നീയല്ല, ഞാനാണ്" 2019ലെ ഐപിഎല്ലിനിടെ ദീപക് ചാഹറിനോട് ദേഷ്യപ്പെട്ട് ധോനി, സംഭവം പറഞ്ഞ് മോഹിത് ശർമ

അഭിറാം മനോഹർ

വ്യാഴം, 26 സെപ്‌റ്റംബര്‍ 2024 (13:53 IST)
ഇന്ത്യന്‍ ക്രിക്കറ്റിനും പ്രത്യേകിച്ച് ചെന്നൈ നഗരത്തിന് പ്രിയപ്പെട്ടവനാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ എം എസ് ധോനി. ഐപിഎല്ലില്‍ ദീര്‍ഘകാലമായി ചെന്നൈയ്ക്ക് വേണ്ടി കളിക്കുന്ന ധോനി കളിക്കളത്തില്‍ ശാന്തത കൈവിടാത്ത ചുരുക്കം നായകന്മാരില്‍ ഒരാളാണ്. എന്നാല്‍ ധോനിയ്ക്ക് ദേഷ്യം നിയന്ത്രിക്കാനാവാത്ത സാഹചര്യങ്ങളും പലപ്പോഴും ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ ഒന്നിനെ പറ്റി പറയുകയാണ് മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായിരുന്ന മോഹിത് ശര്‍മ.
 
കളിക്കളത്തില്‍ ധോനി പലപ്പോഴും ദേഷ്യപ്പെടാറുണ്ടെന്നും എന്നാല്‍ കളിക്കളത്തിന് പുറത്തേക്ക് അത് കൊണ്ടുപോകാറില്ലെന്നും മോഹിത് ശര്‍മ പറയുന്നു. ഒരു ഫാസ്റ്റ് ബൗളറാവുമ്പോള്‍ കളിയുടെ നിയന്ത്രണം കയ്യിലുണ്ടാകേണ്ടത് പ്രധാനമാണ്. 2019ല്‍ ഒരു സംഭവമുണ്ടായി. അന്ന് ദീപക് ചാഹര്‍ കളിക്കുന്നുണ്ട്. ഞാന്‍ ആ കളിയില്‍ ഉണ്ടായിരുന്നില്ല. മത്സരത്തില്‍ ദീപക് ഒരു നക്കിള്‍ ബോള്‍ എറിഞ്ഞു. ആ പന്ത് സിക്‌സോ ഫോറോ എന്തോ പോയി. ധോനി ഭായ് ദീപക്കിനടുത്തേക്കെത്തി. ഇനി നക്കിള്‍ ബോള്‍ എറിയരുതെന്ന് പറഞ്ഞു.എന്നാല്‍  ആ ഓവറില്‍ തന്നെ വീണ്ടുമൊരു നക്കിള്‍ ബോള്‍ ദീപക് എറിഞ്ഞു.
 
 ധോനി നേരെ ദീപക്കിനടുത്തേക്ക് പോയി. ചുമലില്‍ കൈകളിട്ടു. എന്തെല്ലാമോ പറഞ്ഞു. തിരിച്ചുപോവുകയും ചെയ്തു. തീര്‍ച്ചയായും ധോനി എന്താണ് പറഞ്ഞതെന്ന് ഞങ്ങള്‍ കേട്ടില്ല. എന്നാല്‍ മത്സരം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ദീപക്കിനോട് ചോദിച്ചു. ധോനി ചില മനോഹരമായ കാര്യങ്ങള്‍ പറഞ്ഞെന്ന് ദീപക് പറഞ്ഞു. നല്ല രീതിയില്‍ ചീത്ത പറഞ്ഞതാകുമെന്ന് ഞങ്ങള്‍ക്ക് മനസിലായി. അവസാനം ധോനി പരഞ്ഞത്രെ, മണ്ടന്‍ നീയല്ല ഞാനാണ്. ആ കഥ ഞങ്ങള്‍ക്ക് മറക്കാനാകില്ല. 2 സ്ലോഗേഴ്‌സ് പോഡ്കാസ്റ്റില്‍ സംസാരിക്കവെ മോഹിത് ശര്‍മ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍