കുഴി കുത്തിയാൽ ഇന്ത്യ തന്നെ അതിൽ ചാടും, മൂന്നാം ടെസ്റ്റിന് റാങ്ക് ടേണർ പിച്ച് വേണ്ടെന്ന് തീരുമാനം

അഭിറാം മനോഹർ
ചൊവ്വ, 29 ഒക്‌ടോബര്‍ 2024 (13:05 IST)
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ സ്പിന്‍ പിച്ച് ഒരുക്കേണ്ടെന്ന് തീരുമാനം. ആദ്യമത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യ പുനെ ടെസ്റ്റില്‍ സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചാണ് ഒരുക്കിയതെങ്കിലും ഇന്ത്യന്‍ ബാറ്റര്‍മാര്‍ തന്നെ സ്പിന്‍ കെണിയില്‍ വീഴുകയായിരുന്നു. ഈ സാഹചര്യത്തില്‍ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സ്പിന്‍ പിച്ച് ഒരുക്കാന്‍ ബിസിസിഐ തയ്യാറായേക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
 
 മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നവംബര്‍ ഒന്ന് മുതലാണ് മൂന്നാം ടെസ്റ്റ് മത്സരം ആരംഭിക്കുക. ബെംഗളുരുവിലും പുനെയിലും സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ കഷ്ടപ്പെട്ടതാണ് ഇന്ത്യയെ വലയ്ക്കുന്നത്. തിങ്കളാഴ്ച പിച്ച് ക്യൂറേറ്ററായ ആഷിക് ഭൗമിക്കാണ് പിച്ചിനെ പറ്റി വിശദമാക്കിയത്. ഒരല്പം പുല്ലുള്ള പിച്ചായിരിക്കും മുംബൈയില്‍ ഒരുക്കുക. ആദ്യ ദിവസം ബാറ്റിംഗിനെ പിച്ച് പിന്തുണയ്ക്കും. എന്നാല്‍ രണ്ടാം ദിവസം മുതല്‍ സ്പിന്നര്‍മാര്‍ക്ക് സപ്പോര്‍ട്ട് നല്‍കി തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏറെക്കാലമായി ഇന്ത്യയിലെ മത്സരങ്ങളില്‍ സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചുകളാണ് ബിസിസിഐ ഒരുക്കാറുള്ളത്. എന്നാല്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കും സ്പിന്‍ പേടി തുടങ്ങിയ സാഹചര്യത്തിലാണ് റിസ്‌ക് എടുക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് ബിസിസിഐ എത്തിയത്.
 
 ആദ്യ രണ്ട് ടെസ്റ്റുകളിലും ന്യൂസിലന്‍ഡിനെതിരെ പരാജയപ്പെട്ട ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിക്കാന്‍ ഇനിയുള്ള 6 മത്സരങ്ങളില്‍ നാലെണ്ണത്തില്‍ വിജയിക്കേണ്ടതുണ്ട്. അവസാന ടെസ്റ്റിലും ന്യൂസിലന്‍ഡിനോട് പരാജയപ്പെടുകയാണെങ്കില്‍ സ്വന്തം നാട്ടില്‍ വൈറ്റ് വാഷാവുക എന്ന നാണക്കേടിനൊപ്പം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രവേശനവും ഇന്ത്യയ്ക്ക് ദുഷ്‌കരമായി മാറും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article